
കോഴിക്കോട്: കോഴിക്കോട് മലയോര മേഖലയില്‍ കനത്ത കാറ്റും മഴയും. മഴയെ തുടര്‍ന്ന് തിരുവമ്ബാടി പുന്നയ്ക്കല്‍ വഴിക്കടവില്‍ നിര്‍മ്മിച്ച താത്കാലിക പാലം ഒലിച്ചുപോയി.
കൂടരഞ്ഞി, താമരശേരി, തിരുവമ്ബാടി, തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. പുന്നയ്ക്കല്‍ പാലത്തിന്റെ പണി നടക്കുന്ന സാഹചര്യത്തില്‍ ഇവിടെ താത്കാലിക പാലം പണിതിരുന്നു. കനത്ത മഴയെ തുടര്‍ന്ന ഈ പാലം ഒലിച്ചുപോയി. മറ്റ് ചില ഇടങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.
ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാം ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
ഇന്ന് ഇടുക്കി ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് മഞ്ഞ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍:
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും, വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍, ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
കുട്ടികള്‍, അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക.
The post കോഴിക്കോട് മലയോര മേഖലയില്‍ കനത്ത കാറ്റും മഴയും; താത്കാലിക പാലം ഒലിച്ചുപോയി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]