
മാഡ്രിഡ്
സുന്ദരഫുട്ബോൾ മറന്നിട്ടില്ലെന്ന് ബാഴ്സലോണ ഓർമിപ്പിക്കുന്നു. യൊഹാൻ ക്രൈഫും ഫ്രാങ്ക് റൈക്കാർഡും പെപ് ഗ്വാർഡിയോളയും കാട്ടിയ വഴി പിന്തുടരുകയാണ് പരിശീലകൻ സാവി. സ്പാനിഷ് ലീഗ് എൽക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ അവരുടെ തട്ടകത്തിൽ നാല് ഗോളിന് വീഴ്ത്തി ബാഴ്സ തിരിച്ചുവരവ് പ്രഖ്യാപിച്ചു.
കറ്റാലൻമാർക്ക് തിരിച്ചടിയുടെ കാലമായിരുന്നു. എല്ലാമായിരുന്ന ലയണൽ മെസി ടീം വിട്ടു. ചാമ്പ്യൻസ് ലീഗിൽനിന്ന് തരംതാഴ്ത്തപ്പെട്ടു. സ്പാനിഷ് ലീഗിൽ പിന്നോട്ടായി. ഏത് ടീമുകളോടും തോൽക്കും, എത്ര ഗോളും വഴങ്ങും. റൊണാൾഡ് കൂമാനുപകരം നവംബറിലാണ് സാവി പരിശീലന ചുമതലയേറ്റത്. ബാഴ്സയെ നന്നായി അറിയാവുന്ന മുൻ മധ്യനിരക്കാരന് വ്യക്തമായ പദ്ധതികൾ ഉണ്ടായിരുന്നു. യൂത്ത് അക്കാദമിയായ ലാ മാസിയയിൽനിന്ന് പതിനേഴുകാരൻ ഗാവി ഉൾപ്പെടെ യുവപ്രതിഭകളെ ടീമിലെത്തിച്ചു. ജനുവരിയിലെ താരകൈമാറ്റ വിപണിയിൽനിന്ന് പിയറി എമെറിക് ഒബമയങ്, ഫെറാൻ ടൊറെസ് എന്നീ കരുത്തരേയും റാഞ്ചി. പിഴവുകളില്ലാത്ത കളിശൈലി കളത്തിൽ പകർന്നപ്പോൾ ബാഴ്സ മുന്നേറി. അവസാന 12 കളിയിൽ തോൽവിയില്ല.
അവസാന അഞ്ച് ക്ലാസിക്കോയിലും തോറ്റായിരുന്നു ബാഴ്സ റയലിന്റെ മുന്നിലെത്തിയത്. എന്നാൽ, കളത്തിൽ സാവിയുടെ കുട്ടികൾ വിസ്മയിപ്പിച്ചു. ജ്യാമിതീയ രൂപങ്ങളിലുള്ള പാസുകൾ, വേഗം, ഗോൾകീപ്പർമുതൽ മുന്നേറ്റക്കാരൻവരെ കണ്ണിചേർന്ന സുന്ദരകളിരീതി. റയലിന് പിടിച്ചുനിൽക്കാനായില്ല. ഒബമയങ് ഇരട്ടഗോൾ നേടി. റൊണാൾഡ് അരാഹുവും ടൊറെസും പട്ടിക പൂർത്തിയാക്കി. 28 കളിയിൽ 54 പോയിന്റുമായി മൂന്നാമതാണ് ബാഴ്സ. ഒരുകളി കൂടുതലുള്ള റയൽ (66) ഒന്നാമതും സെവിയ്യ (57) രണ്ടാമതുമുണ്ട്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]