
കോഴിക്കോട്
കെ റെയിൽ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിനുള്ള കല്ലിടൽ അലങ്കോലമാക്കാൻ യുഡിഎഫിന് കൂട്ടായി ബിജെപിയും. റവന്യു ഭൂമിയിൽപോലും കല്ലിടാൻ അനുവദിക്കാതെയായിരുന്നു തിങ്കളാഴ്ച പ്രതിഷേധം.
വെസ്റ്റ് കല്ലായി ഭാഗത്തായിരുന്നു കല്ലിടൽ. കല്ലിടൽ തുടങ്ങി ഒരു മണിക്കൂറിനകം ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ, ദിനേശ് പെരുമണ്ണ എന്നിവരും ബിജെപി ജില്ലാ പ്രസിഡന്റ് വി കെ സജീവൻ, കെ പി പ്രകാശ്ബാബു തുടങ്ങിയവരും എത്തി. ബിജെപി സ്പോൺസർഷിപ്പിലാണ് യുഡിഎഫ് സമരനാടകമെന്ന് വ്യക്തമാക്കുന്നതായിരുന്നു തുടർന്നുള്ള സംഭവങ്ങൾ. പള്ളിക്കണ്ടിയിൽ കല്ലായി പുഴയോട് ചേർന്ന റവന്യു ഭൂമിയിലാണ് കല്ല് സ്ഥാപിച്ചത്. ഇവിടം മുതൽ എലത്തൂർ വരെ ഭൂമിക്കടിയിലൂടെയാണ് നിർദിഷ്ട പദ്ധതി. ഇവിടെ ആരുടെയും ഭൂമി ഏറ്റെടുക്കേണ്ടിവരില്ല. എന്നാൽ പ്രദേശത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് നേതാക്കൾ സമരത്തിനിറക്കിയത്.
സാമൂഹ്യാഘാത പഠനമാണ് നടത്തുന്നതെന്ന് തഹസിൽദാർ കെ ഹരീഷ് അറിയിച്ചിട്ടും നേതാക്കൾ തട്ടിക്കയറി. ഉദ്യോഗസ്ഥരെ തടഞ്ഞു. പലതവണ പ്രകോപനം സൃഷ്ടിച്ചിട്ടും പൊലീസ് സംയമനം പാലിച്ചു. ഉച്ചയ്ക്കുശേഷം വീണ്ടും ഉദ്യോഗസ്ഥർ എത്തിയെങ്കിലും പ്രതിഷേധം അടങ്ങിയില്ല. മൂന്നരയോടെ നടപടികൾ നിർത്തി ഉദ്യോഗസ്ഥർ മടങ്ങി. അതേസമയം, നിരവധിപേർ ഈ ഭാഗങ്ങളിൽ ഭൂമി വിട്ടുനൽകാൻ സന്നദ്ധമാണെന്ന് വെളിപ്പെടുത്തി. സമരത്തിൽ യുഡിഎഫിനൊപ്പം ചേരില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവനയുടെ ചൂടാറുംമുമ്പാണ് ഇരുകൂട്ടരും തോളിൽ കൈയിട്ട് സമരത്തിൽ അണിനിരന്നത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]