
കൊച്ചി> കേരളത്തിന്റെ വികസനത്തിൽ വൻ കുതിച്ചു ചാട്ടത്തിനിടയാക്കുന്ന കെ റെയിൽ പദ്ധതിക്കെതിരെ കോൺഗ്രസും ബിജെപിയും നടത്തുന്ന സമരാഭാസങ്ങൾ ഗെയിൽ പദ്ധതിക്കെതിരെ നടത്തിയ സമരം പോലെ താനെ കെട്ടടങ്ങുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് പറഞ്ഞു. എരൂർ പല്ലിമറ്റത്ത് സിപിഐ എം സൗത്ത് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഇ എം എസ്- എ കെ ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസുകാർ പിഴുതെറിയുന്ന ഓരോ കല്ലിനും അവർ പിഴയിടുമെന്നല്ലാതെ പദ്ധതി തടസപ്പെടുത്താൻ കഴിയില്ല. വലിയ നുണപ്രചാരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ സഹായത്തോടെ കോൺഗ്രസും ബിജെപിയും നടത്തുന്നത്. ഗെയിൽ പദ്ധതി വന്നപ്പോൾ റോഡിൽ നിസ്കാരം വരെ നടന്ന നാടാണിത്. അതു കൊണ്ട് തന്നെ യുക്തിസഹമായ തടസവാദങ്ങൾ പോലും പറയാനാവാതെ നടത്തുന്ന കെ റെയിൽ വിരുദ്ധ സമരാഭാസങ്ങൾ ജനങ്ങൾ തന്നെ അനുഭവങ്ങളിൽ നിന്ന് തള്ളിക്കളയും.
25 വർഷം മുന്നിൽ കണ്ടുള്ള വികസന പദ്ധതികളാണ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഇതെല്ലാം കേരളത്തിൽ കമ്യൂണിസ്റ്റ് തുടർ ഭരണത്തിനിടയാക്കുമെന്ന ഭീതിയാണ് കോൺഗ്രസ് ബിജെപി സംഘങ്ങളെ എതിർക്കാൻ പ്രേരിപ്പിക്കുന്നത്. സ്ഥലം വിട്ടുകൊടുക്കുന്നവർ പണം ബാങ്കിൽ വന്ന ശേഷം കൊടുത്താൽ മതിയെന്ന നിലയിൽ നടപ്പാക്കുന്ന പദ്ധതിക്കെതിരെ നടക്കുന്ന നുണപ്രചരണങ്ങൾ തന്നെ അസത്യമാണെന്നു ജനങ്ങൾ വിലയിരുത്തുമെന്നും സ്വരാജ് പറഞ്ഞു.
ഐ എ രാജേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം ടി സി ഷിബു, നഗരസഭാധ്യക്ഷ രമ സന്തോഷ്, വൈസ് ചെയർമാൻ കെ കെ പ്രദീപ് കുമാർ, ഏരിയ കമ്മിറ്റിയംഗങ്ങളായ പി വാസുദേവൻ, എം പി ഉദയൻ, എസ് മധുസൂദനൻ, ഒ വി സലിം, പി കെ ഗോപി എന്നിവർ സംസാരിച്ചു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]