

ബാലഭിക്ഷാടനം തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് ഇൻഡോർ ജില്ലാ ഭരണകൂടം. ഇതിനായി പുതിയൊരു പദ്ധതിയും ഭരണകൂടം ആവിഷ്കരിച്ചിട്ടുണ്ട്. ഭിക്ഷാടനം നടത്തുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 1,000 രൂപ പാരിതോഷികമായി നല്‍കുന്നതാണ് പുതിയ പദ്ധതി.
നഗരത്തെ യാചകരിൽ നിന്ന് മോചിപ്പിക്കാൻ എടുത്ത നടപടികളുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് ഇൻഡോർ ജില്ലാ കലക്ടർ പറഞ്ഞു.
ഭിക്ഷാടകരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1,000 രൂപ പാരിതോഷികം ലഭിക്കുമെന്നും സിസിടിവികളും എല്ലാ ട്രാഫിക് ക്യാമറകളും ഉപയോഗിച്ച് നിരീക്ഷണം നടത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഇത്തരക്കാരെ കണ്ടാല്‍ അധികൃതരെ വിളിച്ചോ സന്ദേശം അയച്ചോ വിവരങ്ങൾ അറിയിക്കാം.
‘സ്വച്ഛ് സർവേക്ഷൻ അവാർഡ് 2023’ൽ തുടർച്ചയായ ഏഴാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോറിനെ തിരഞ്ഞെടുത്ത് ഒരു മാസത്തിന് ശേഷമാണ് പുതിയ പദ്ധതി.