
പ്രശസ്ത നടി കെ.പി.എ.സി ലളിത അന്തരിച്ചു. അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. അഭിനയത്തിന് നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് 1947 ഫെബ്രുവരി 25 നായിരുന്നു മഹേശ്വരിയമ്മ എന്ന ലളിത ജനിച്ചത്. പിതാവ് കെ. അനന്തൻ നായർ, അമ്മ ഭാർഗവിയമ്മ. നാലു സഹോദരങ്ങൾ. ഫൊട്ടോഗ്രഫറായിരുന്നു അച്ഛൻ. രാമപുരം ഗവൺമെന്റ് ഗേൾസ് സ്കൂൾ, ചങ്ങനാശേരി വാര്യത്ത് സ്കൂൾ, പുഴവാത് സർക്കാർ സ്കൂൾ എന്നിവിടങ്ങളിലാിരുന്നു പഠനം.
കുട്ടിക്കാലത്തുതന്നെ നൃത്തപഠനം തുടങ്ങിയിരുന്നു. കലോൽസവങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൊല്ലത്ത് കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യൻ ഡാൻസ് അക്കാദമിയിൽ നൃത്തപഠനത്തിനായി ചേർന്നു. അതോടെ സ്കൂൾ വിദ്യാഭ്യാസം മുടങ്ങി.
അടൂർ ഗോപാലകൃഷ്ണന്റെ മതിലുകളിൽ ശബ്ദസാന്നിധ്യമായി എത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘കഥ തുടരും’ എന്ന ആത്മകഥയെഴുതിയിട്ടുണ്ട്. അതിനു ചെറുകാട് പുരസ്കാരം ലഭിച്ചു.
നീലപൊന്മാൻ, സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദർ, സന്ദേശം, മീനമാസത്തിലെ സൂര്യൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, സ്ഫടികം, കാട്ടുകുതിര, കനൽക്കാറ്റ്, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
ഭരതൻ ചിത്രമായ അമരത്തിലെ കഥാപാത്രത്തിന് 1991 ലും ജയരാജ് ചിത്രം ശാന്തത്തിലെ അഭിനയത്തിന് 2000 ലും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 1975 (നീലപ്പൊന്മാൻ), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം) എന്നീ വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ടെലിവിഷൻ പരമ്പരകളിലും അഭിനിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]