ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരർക്കായുളള തിരച്ചിൽ ഊർജ്ജിതമാക്കി ദേശീയ അന്വേഷണ ഏജൻസി. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഖ്ബീർ സിംഗ് ലാൻഡ, പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹർവീന്ദർ സിംഗ് റിൻഡ എന്നിവരുൾപ്പെടെയുളള അഞ്ച് ഖലിസ്ഥാൻ ഭീകരരെകുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചു. ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ) എന്ന നിരോധിത സംഘടനയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഭീകരരാണ് ഇവർ.
ഖലിസ്ഥാൻ ഭീകരരായ ലാൻഡയെയും റിൻഡയെയും കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ വീതവും പർമീന്ദർ സിംഗ് കൈര(പട്ടു), സത്നാം സിംഗ്, യാദ്വീന്ദർ സിംഗ് എന്നീ ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ വീതവുമാണ് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചത്. മാർച്ച് 19ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ചതുൾപ്പെടെയുള്ള ഇന്ത്യാവിരുദ്ധ നടപടികളിൽ ഭാഗമായവരും പഞ്ചാബിൽ മയക്കുമരുന്ന്- ആയുധ കള്ളക്കടത്ത് എന്നിവയിൽ പങ്കാളിയവരുമായ 43 ഖലിസ്ഥാനി ഭീകരരുടെ ചിത്രങ്ങളും എൻഐഎ പുറത്ത് വിട്ടിട്ടുണ്ട്.
ഇവർക്ക് ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് (കെടിഎഫ്) നേതാവ് ഹർദീപ് സിംഗ് നിജ്ജാർ, സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ എന്നിവരുൾപ്പെടെയുളള ഖലിസ്ഥാൻ ഭീകരരുമായി ബന്ധമുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. പുറത്ത് വിട്ട 43 പേരുടെ പട്ടികയിൽ ലോറൻസ് ബിഷ്ണോയി, ജസ്ദീപ് സിംഗ്, കല ജതേരി, വിരേന്ദർ പ്രതാപ്, ജോഗീന്ദർ സിംഗ് എന്നിവരും പട്ടികയിലുണ്ട്. ഇവരുടെ സ്വത്ത്- വസ്തുവിവരങ്ങളെ കുറിച്ച് അറിയിക്കാനും പൊതുജനങ്ങളോട് എൻഐഎ ആവശ്യപ്പെട്ടിട്ടുണ്ട്.
”ഇന്ത്യയുടെ സമാധാനവും സാമുദായിക സൗഹാർദ്ദവും തകർക്കാനും പഞ്ചാബിൽ ഭീകരത പടർത്താനും ലക്ഷ്യമിട്ടുള്ള ബികെഐയുടെ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം രജിസ്റ്റർ ചെയ്ത കേസിലാണ് ലഖ്ബീർ സിംഗ് ലാൻഡ അടക്കമുളള അഞ്ച് ഭീകരരെ എൻഐഎ തിരയുന്നത്. പഞ്ചാബിലേക്ക് ഭീകരവാദ പ്രവർത്തനത്തിനായി ആയുധങ്ങളും മയക്കുമരുന്നും ഇവർ എത്തിക്കുന്നു. ഇതിന് പുറമെ, ബിസിനസുക്കാരെയും മറ്റ് പ്രമുഖ വ്യക്തികളെയും ചൂഷണം ചെയ്താണ് നിരോധിത ഭീകര സംഘടനയായ ബികെഐയ്ക്ക് വേണ്ടി ഇവർ ഫണ്ട് സ്വരൂപിക്കുന്നത്. ഭീകരവാദപ്രവർത്തനങ്ങൾ നടത്താനും പഞ്ചാബിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള അജണ്ടയുടെ ഭാഗമായി നടത്തിയ കൊലപാതകങ്ങൾ, കേസുകളിലും ഇവരെ അന്വേഷിക്കുന്നുണ്ട്”.- എൻഐഎ പ്രസ്താവനയിൽ വ്യക്തമാക്കി.
ഭീകരരെ സംബന്ധിച്ച വിവരം ഡൽഹിയിലെ എൻഐഎ ആസ്ഥാനവുമായോ ചണ്ഡീഗഡിലെ എൻഐഎ ബ്രാഞ്ച് ഓഫീസുമായോ പങ്കിടാം. ഇതിനായി ടെലിഫോൺ, വാട്ട്സാപ് നമ്പറുകളും ഏജൻസി നൽകിയിട്ടുണ്ട്.