
സ്വന്തം ലേഖകൻ
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ, അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ദിലീപിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. അന്വേഷണം വേണമെന്ന ആവശ്യത്തിൽ മറ്റാർക്കും പരാതി ഇല്ലല്ലോയെന്നും ദിലീപിന് മാത്രം ആണല്ലോ പരാതിയെന്നും ചോദ്യമുന്നയിച്ച ശേഷമാണ് ഹൈക്കോടതി ദിലീപിന്റെ ആവശ്യം തള്ളിയത്.മെമ്മറി കാർഡ് ചോർന്നതിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാൽ ഈ ഹർജിയിലെ വാദം മാറ്റി വെക്കണമെന്നാണ് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടത്.
കേസിൽ വാദം കേട്ട ജഡ്ജി തന്നെ വിധി പറയുന്നത് തടയുകയെന്ന ഉദ്ദേശത്തോട് കൂടിയാണ് അതിജീവിത ഹർജി നൽകിയതെന്നും സാക്ഷികളെ വീണ്ടും വിസ്തരിച്ചും പ്രോസിക്യൂട്ടർമാരെ ഒഴിവാക്കിയും വിചാരണ ഒരു വർഷം തടസപ്പെടുത്തിയെന്നും ദിലീപ് ഹർജിയിൽ ആരോപിച്ചിരുന്നു.അപകീർത്തികരമായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചോർത്തി എന്നരോപിക്കുന്ന അതിജീവിതയുടെയും പ്രോസിക്യൂഷന്റെയും ഉദ്ദേശം വിചാരണക്കോടതി വിധി പറയുന്നത് വൈകിക്കുകയാണെന്നായിരുന്നു ദിലീപിന്റെ പ്രധാന വാദം. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർത്തി എന്നത് ആരോപണം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് ഫൊറൻസിക് ലാബിലെ രണ്ട് സാക്ഷികളുടെ വിസ്തരം നടക്കാനുണ്ട്.
അതുകൊണ്ടുതന്നെ ഹൈക്കോടതിയിലെ ഹർജിയിൽ വാദം തുടരുന്നത് വിചാരണയെ ബാധിക്കും. അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതിയിലെ വാദം മാറ്റിവെക്കേണ്ടതിന്റെ കാരണം മുദ്രവച്ച കവറിൽ ഹാജരാക്കാം എന്നും ദിലീപ് വ്യക്തമാക്കി.എന്നാൽ ദിലീപിന്റെ ആവശ്യത്തെ അതിജീവിത ശക്തമായി എതിർത്തു. വിചാരണ വൈകിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന ദിലീപിന്റെ വാദം ദുരാരോപണം മാത്രമാണ്. വിചാരണ പൂർത്തിയാക്കാനുള്ള സമയം സുപ്രീംകോടതി അടുത്ത മാർച്ച് വരെ നീട്ടി നൽകിയിട്ടുണ്ട്. ഇര എന്ന നിലയിൽ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണം. മെമ്മറി കാർഡ് ആരോ മനപ്പൂർവമായി പരിശോധിച്ചിട്ടുണ്ട്.
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർത്തിയിട്ടുണ്ടെങ്കിൽ പ്രതികളെ കണ്ടെത്തി നടപടി വേണം. മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന അതിജീവിതയുടെ നിലപാടിൽ എതിർപ്പില്ലെന്ന് സർക്കാരും വ്യക്തമാക്കി. പിന്നാലെയാണ് അതിജീവിതയുടെ ഹർജി മാറ്റിവയ്ക്കണമെന്ന ദിലീപിന്റെ ആവശ്യം ജസ്റ്റിസ് കെ.ബാബു നിരാകരിച്ചത്. അന്വേഷണം വേണമെന്ന കാര്യത്തിൽ എട്ടാം പ്രതിയായ ദിലീപിന് മാത്രമാണല്ലോ എതിർപ്പെന്നും കോടതി ചോദിച്ചു. കേസിൽ ഹൈക്കോടതിയെ സഹായിക്കാൻ അഡ്വ.രഞ്ജിത്ത് മാരാരെ അമിക്കസ് ക്യൂരിയായി നിയമിച്ചു. അതീജിവതിയുടെ ഹർജിയിൽ വാദം പൂർത്തിയാക്കി കോടതി ഉത്തരവിനായി മാറ്റി.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]