
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്ര ജലക്കമ്മീഷനും സുപ്രീംകോടതി മേല്‍നോട്ട സമിതിയും. അണക്കെട്ടിന് കാര്യമായ പ്രശ്നമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ജലക്കമ്മീഷന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അണക്കെട്ടിന് പ്രശ്നം ഉള്ളതായി കേരളവും തമിഴ്നാടും ഉന്നയിച്ചിട്ടില്ലെന്ന് മേല്‍നോട്ട സമിതിയും സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മെയ് 9-നാണ് സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തിയത്.
കേരളത്തിന്റെയും തമിഴ് നാടിന്റെയും പ്രതിനിധികള്‍ ഈ പരിശോധനയില്‍ പങ്കെടുത്തിരുന്നു. സുരക്ഷാ പരിശോധനയ്ക്കിടെ, അണക്കെട്ടിന് കാര്യമായ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് ആരും മേല്‍നോട്ട സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.അണക്കെട്ടിന് സാങ്കേതിക തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ല. അണക്കെട്ട് സുരക്ഷയ്ക്ക് കുഴപ്പമില്ലെന്നും, പൂര്‍ണ തൃപ്തികരമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മേല്‍നോട്ട സമിതി നിര്‍ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ മാസം 27-ന് മേല്‍നോട്ട സമിതി വീണ്ടും അണക്കെട്ട് സന്ദര്‍ശിക്കും.സ്വതന്ത്ര സമിതിയെക്കൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളം കഴിഞ്ഞ ആഴ്ച സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു.
പരിശോധന മുഴുവനായി വീഡിയോയില്‍ ചിത്രീകരിക്കണമെന്നും സത്യവാങ്മൂലത്തില്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാര്‍ കേസ് അടുത്തു തന്നെ സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. അതിനു മുന്നോടിയായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]