തെലങ്കാനയിലെ ജങ്കാവോണ്‍ ജില്ലയില്‍ വിവരാവകാശ പ്രവര്ത്തകന് കൊല്ലപ്പെട്ട നിലയില്‍. ഭൂമി പ്രശ്നത്തെ തുടര്‍ന്ന് വിരമിച്ച മണ്ഡല് പരിഷത്ത് ഡെവലപ്മെന്റ് ഓഫീസറായ നല്ല രാമകൃഷ്ണയ്യയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്താതായി പൊലീസ് അറിയിച്ചു. 70 കാരനായ നല്ല രാമകൃഷ്ണയ്യയെ കാണാതായി മൂന്ന് ദിവസത്തിന് ശേഷം ഞായറാഴ്ച മൃതദേഹം വെള്ളം നിറഞ്ഞ ക്വാറിയില്‍ കണ്ടെത്തിയതോടെയാണ് കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്.
പ്രധാന പ്രതിയായ ജി അഞ്ജയ്യയ്ക്ക് രാമകൃഷ്ണയ്യയുമായി തര്‍ക്കമുണ്ടായിരുന്നുവെന്നും ഭൂമി പ്രശ്നത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതില്‍ പകയുണ്ടാക്കിയതായും പോലീസ് പറഞ്ഞു. ഇതേതുടര്‍ന്ന്, രാമകൃഷ്ണയ്യയെ കൊല്ലാന്‍ വാടക കൊലയാളികളെ നിയോഗിച്ചതായി പോലീസ് പറഞ്ഞു. ജൂണ്‍ 15 ന് പോച്ചണ്ണപേട്ടയില് വച്ചാണ് സംഘം രാമകൃഷ്ണയ്യയെ തട്ടിക്കൊണ്ടുപോയത്.
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ക്വാറിലെ കുളത്തില്‍ തള്ളുകയും ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കി. ഒളിവിലുള്ള മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രാമകൃഷ്ണയ്യര്‍ കോടതിയില്‍ വിവരാവകാശ അപേക്ഷകളും സിവില്‍ സ്യൂട്ടുകളും ഫയല്‍ ചെയ്യുകയും പോച്ചണ്ണപ്പേട്ട് വില്ലേജിലെ സര്‍ക്കാര്‍ അസൈന്‍ഡ് ഭൂമിയുടെ പട്ടയം (ഭൂമി രേഖകള്‍) റദ്ദാക്കിയതിന് അഞ്ജയ്യയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു.
ഇത് ഇവര്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിന് കാരണമായെന്നും ഇതേത്തുടര്‍ന്നാണ് മുന്‍ എംപിഡിഒയെ കൊലപ്പെടുത്താന്‍ അഞ്ജയ്യ സംഘത്തെ നിയോഗിച്ചെന്നും പോലീസ് പറഞ്ഞു. ഭരണകക്ഷിയായ ബിആര്‍എസില്‍ പെടുന്ന പ്രാദേശിക ജില്ലാ പരിഷത്ത് ടെറിട്ടോറിയല്‍ മണ്ഡലം അംഗത്തിന്റെ ഭര്‍ത്താവായ മുഖ്യപ്രതി തിരുപ്പതി എന്നയാളുമായി ബന്ധപ്പെടുകയും രാമകൃഷ്ണയ്യയെ ഇല്ലാതാക്കാന്‍ 8 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
തിരുപ്പതി ജോലി ഏറ്റെടുക്കുകയും അഞ്ജയ്യയില് നിന്ന് 50,000 രൂപ അഡ്വാന്‍സ് വാങ്ങുകയും സംഘം ജൂണ്‍ 15 ന് രാമകൃഷ്ണയ്യയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം ക്വാറിയില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
The post വിവരാവകാശ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊന്ന് ക്വാറിയില്‍ തള്ളി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]