തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് മൂന്നാം വര്‍ഷത്തിലേക്ക്. ജനകീയ പദ്ധതികള്‍ മുന്നോട്ട് വച്ച് ജനങ്ങള്‍ക്കൊപ്പം നില്ക്കുന്ന സര്‍ക്കാരെന്ന് പ്രചാരണമാണ് ഇടത് പക്ഷം രണ്ടാം വാര്‍ഷികത്തില്‍ മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ വാര്‍ഷിക ദിനം വഞ്ചനാ ദിനമായി ആചരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. സെക്രട്ടേറിയേറ്റ് വളയല്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധ പരിപാടികളാണ് യുഡിഎഫ് വാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാപകല്‍ സമരവുമായി ബിജെപിയും രംഗത്തുണ്ട്.
ഭരണത്തുടര്‍ച്ചയെന്ന ചരിത്രം സൃഷ്ടിച്ച് 2021 മെയ് 20നാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്. വടക്ക് മുതല്‍ തെക്ക് വരെയുള്ള ആറുവരി പാതയുടെ അതിവേഗ നിര്‍മ്മാണം അടക്കം സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത് നിരവധി വികസനമാതൃകകളാണ്. കേരളത്തിന്റെ ജിഡിപി വളര്‍ച്ച, 12.01 ഡിജിപി വളര്‍ച്ചയും വ്യവസായ- സ്റ്റാര്‍ട്ടപ് രംഗത്തെ മുന്നേറ്റം എന്നിവയ്ക്ക് ഒപ്പം നിതി ആയോഗ് കണക്കുകളിലെ കേരളം മുന്നിലെത്തിയ വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം, അധികാര വികേന്ദ്രീകരണം തുടങ്ങി വിവിധ ജീവിത സൂചികകളും സര്‍ക്കാരിന്റെ നേട്ടമായി ഇടത് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാവര്ക്കും ഇന്റര്‍നെറ്റ് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്ന കെഫോണ്‍ പദ്ധതി ജൂണ്‍ അഞ്ചിന് ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചാണ് രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്.
വാര്‍ഷിക ആഘോഷങ്ങളുടെ സമാപനം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ ഒന്നിന് എറണാകുളത്ത് ആരംഭിച്ച വാര്‍ഷികാഘോഷ പരിപാടികള്‍ക്കാണ് ശനിയാഴ്ച സമാപനമാകുന്നത്. പ്രോഗ്രസ് റിപ്പോര്‍ട്ടും പരിപാടിയില്‍ മുഖ്യമന്ത്രി പ്രകാശിപ്പിക്കും. റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍, മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കളും മന്ത്രിമാരും പങ്കെടുക്കും.
The post രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]