
സ്വന്തം ലേഖകൻ കോട്ടയം: ലോഗോസ് – കഞ്ഞിക്കുഴി മദർതെരേസ റോഡിൽ റബർബോർഡിനു സമീപത്തെ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നത് പൈപ്പ് പൊട്ടിയതിനെ തുടർന്ന്. നഗരത്തിലെ പ്രധാന പൈപ്പ് ലൈനാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ശക്തമായ സമ്മർദത്തെ തുടർന്നു പൊട്ടിയത്.
ഇതോടെ ഈ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. പാലങ്ങളുടെ അറ്റകുറ്റപണികൾക്കായി നഗരത്തിലെ വിവിധ റോഡുകൾ അടച്ചിരിക്കുന്നതിനാൽ കഞ്ഞിക്കുഴിയിലേയ്ക്കുള്ള ഇടറോഡ് തകർന്നത് നഗരത്തിലെ ഗതാഗതത്തെ നന്നായി കുരുക്കിയിട്ടുണ്ട്.
30 വർഷത്തിലേറെ പഴക്കമുള്ള പൈപ്പ് ലൈനാണ് ഇവിടെ പൊട്ടിയത്.
ഇതോടെ നഗരത്തിലേയ്ക്കുള്ള ജലവിതരണം പൂർണമായും നിലച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം.
കോട്ടയം റെയിൽവേ സ്റ്റേഷൻ^കഞ്ഞിക്കുഴി റോഡിലെ ഗതാഗതം പൂർണമായും നിലച്ചു. പൂവത്തുംമൂട്ടിലെ പമ്പ് ഹൗസിൽനിന്നും കലക്ട്രറേറ്റ് വളപ്പപിലെ ജലഅതോറിറ്റിയുടെ പ്രധാനടാങ്കിലേക്ക് ശുദ്ധജലമെത്തിക്കുന്ന 600 എം.എം വ്യാസമുള്ള പൈപ്പാണ് പൊട്ടിയത്.
ഇതോടെ, കോട്ടയം നഗരത്തിൽ 30,000ത്തോളം ഗാർഹിക ഉപഭോക്താക്കൾക്ക് ശുദ്ധജലവിതരണം മുടങ്ങി. പൂവത്തുംമൂട്ടിൽനിന്നും കലക്ടറേറ്റിലെ പ്രധാനടാങ്കിൽ ജലംശേഖരിക്കുന്ന ജലമാണ് ജില്ല കലക്ടറുടെ ഒൗദ്യോഗിക വസതിയടക്കം സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നത്.
വാഹനങ്ങൾ കുറവായ രാത്രിസമയമായതിനാൽ വൻദുരന്തമാണ് ഒഴിവായത്. പൈപ്പ് പൊട്ടി റോഡ് തകർന്നത് അറിയാതെ ശനിയാഴ്ച രാവിലെ കഞ്ഞിക്കുഴി ഭാഗത്തുനിന്നും കോട്ടയംഭാഗത്തുനിന്നും എത്തിയ നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി.
നഗരത്തിലെ കുരുക്കിൽപെടാതെ കോട്ടയം റെയിൽവേ സ്റ്റേഷൻ, കലക്ട്രറേറ്റ്, നാഗമ്പടം തുടങ്ങിയ പ്രദേശങ്ങളിലെത്താനും തിരിച്ചുപോകാനും ഉപവഴിയായി ഉപയോഗിക്കുന്ന റോഡാണിത്. വാട്ടർ അതോറിറ്റി അധികൃതരുടെ നേതൃത്വത്തിൽ പൈപ്പ് ലൈനിലെ തകരാർ പരിഹരിക്കുന്ന ജോലി ആരംഭിച്ചെങ്കിലും കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
എസ്കവേറ്റർ ഉപയോഗിച്ച് മണ്ണുമാന്തിയുള്ള പ്രവൃത്തികളാണ് ആരംഭിച്ചത്. പൈപ്പ് പൊട്ടി റോഡിൽ വലിയഗർത്തവും രൂപപ്പെട്ടിട്ടുണ്ട്.
ഇൗസാഹചര്യത്തിൽ പഴയ പൈപ്പ് പൂർണമായും മാറ്റുന്ന ജോലിയാണ് നടക്കുന്നത്. ജലവിതരണം പൂർണതോതിൽ ഞായറാഴ്ച വൈകീട്ട് മാത്രമേ വിതരണം നടത്താൻ കഴിയുകയുള്ളൂവെന്ന് ജലഅതോറിറ്റി അധികൃതർ പറഞ്ഞു. ഇതോടെ, നഗരത്തിെൻറ വിവിധസ്ഥലങ്ങളിൽ ജലവിതരണം പൂർണമായും തടസ്സപ്പെട്ടു.
കാലപഴക്കത്താൽ പൈപ്പ് പൊട്ടുന്നതാണ് പ്രശ്നത്തിന് കാരണമെന്നും പറയപ്പെടുന്നു. കഴിഞ്ഞമാസം 22ന് കാലപ്പഴക്കത്തെ തുടർന്ന് കെ.കെ. റോഡിൽ പൈപ്പ് പൊട്ടി ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]