
കൊച്ചി
സംസ്ഥാന അധ്യക്ഷ ജെബി മേത്തറിന് രാജ്യസഭാ സീറ്റ് ലഭിച്ചതിനെ പരസ്യമായി സ്വാഗതം ചെയ്യുമ്പോഴും ശക്തമായ പ്രതിഷേധത്തിലാണ് മഹിളാ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ. 42 വർഷത്തിനുശേഷം വനിതാ നേതാവിന് കോൺഗ്രസ് നേതൃത്വം രാജ്യസഭാ സീറ്റ് നൽകിയപ്പോൾ, മുതിർന്ന നേതാക്കളെ പാടെ തഴഞ്ഞതിൽ പ്രതിഷേധമുയർന്നു. വിവിധ ജില്ലകളിൽനിന്നുള്ള സംസ്ഥാന നേതാക്കൾ സോണിയ ഗാന്ധിക്ക് പരാതി നൽകി. സംസ്ഥാന അധ്യക്ഷയുടെ ജില്ലയായ എറണാകുളത്തുനിന്നുള്ള നേതാക്കളും പരാതിക്കാരിലുണ്ട്.
ഒരേസമയം ഒന്നിലധികം പദവി വഹിക്കുന്ന നേതാവിന് മഹിളാ കോൺഗ്രസ് അധ്യക്ഷസ്ഥാനം ലഭിച്ച് മൂന്നുമാസത്തിനകമാണ് രാജ്യസഭാ സീറ്റ് നൽകിയതെന്നും പരാതിയിലുണ്ട്. മുനിസിപ്പൽ വൈസ് ചെയർപേഴ്സനുമാണിവർ. ഒരാൾക്ക് ഒരു പദവി എന്ന് ഹൈക്കമാൻഡ് പറയുമ്പോഴാണിത്. ഇവർക്ക് രാജ്യസഭാ സീറ്റ് നൽകിയതിൽ പരിഗണിച്ച കഴിവും മാനദണ്ഡവും എന്താണെന്ന് പരാതിയിൽ ചോദിക്കുന്നു. തെരഞ്ഞെടുപ്പുകളിൽ വനിതാ നേതാക്കളെ കോൺഗ്രസ് പരിഗണിക്കുന്നില്ലെന്നു പരാതി പറഞ്ഞ് ലതിക സുഭാഷ് പാർടി വിട്ടപ്പോൾ, മഹിളാ കോൺഗ്രസ് അധ്യക്ഷയായ നേതാവ്, രാജ്യസഭാ സീറ്റിന് വനിതകളെ പരിഗണിക്കാൻ സംസ്ഥാനത്തെ മുതിർന്ന വനിതാ നേതാക്കളുടെ പേര് നിർദേശിക്കാതെ സ്വയം സ്ഥാനാർഥിയായെന്നും പരാതിയിൽ പറയുന്നു. സ്ഥാനാർഥിനിർണയത്തിനുമുമ്പ് തെരഞ്ഞെടുപ്പുസമിതി വിളിച്ചുചേർക്കാത്ത സ്ഥിതിക്ക് ആ സമിതി പിരിച്ചുവിടണമെന്നും പരാതിയിലുണ്ട്.
കെപിസിസി പ്രസിഡന്റിനെ നേരിട്ടുകണ്ടും ഇവർ പ്രതിഷേധം അറിയിക്കും. കെപിസിസി നേതൃത്വം പ്രതികരിക്കാതെ പരസ്യപ്രതികരണത്തിനില്ലെന്ന നിലപാടിലാണ് മഹിളാ കോൺഗ്രസ് നേതാക്കൾ.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]