
തിരുവനന്തപുരം
പ്രാർഥനാനിർഭര നിമിഷങ്ങളുടെ നിറവിൽ ഡോ. തോമസ് ജെ നെറ്റോ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആർച്ച് ബിഷപ്പായി അഭിഷിക്തനായി. സ്ഥാനമൊഴിഞ്ഞ ആർച്ച് ബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ ഡോ. എം സൂസപാക്യത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.
സ്ഥാനചിഹ്നങ്ങളായ മോതിരം, അംശമുടി എന്നിവ സൂസപാക്യം തോമസ് ജെ നെറ്റോയെ അണിയിച്ചു. അംശവടി നൽകിയ ശേഷം ഭദ്രപീഠത്തിൽ ഉപവിഷ്ടനാക്കിയതോടെ തോമസ് ജെ നെറ്റോ ആർച്ച് ബിഷപ്പായി അഭിഷിക്തനായി. തുടർന്ന് വിശ്വാസി സമൂഹം വിധേയത്വം പ്രഖ്യാപിച്ചു.
ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യൻ ഗ്രൗണ്ടിൽ നടന്ന ചടങ്ങുകൾക്ക് സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ സാക്ഷ്യം വഹിച്ചു. നിയുക്ത മെത്രാൻ, ഡോ. എം സൂസപാക്യം, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോ പോൾദോ ജിറേല്ലി, സഹ അഭിഷേകകർ എന്നിവർ പ്രവേശിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഫ്രാൻസിസ് മാർപാപ്പയുടെ നിയമന ഉത്തരവ് മോൺസിഞ്ഞോർ സി ജോസഫ് വായിച്ചു. മെത്രാൻ കടമകൾ നിർവഹിക്കാൻ സന്നദ്ധനാണോയെന്ന് സൂസപാക്യം ആരാഞ്ഞു. നിയുക്ത മെത്രാൻ സന്നദ്ധനെന്ന് മറുപടി നൽകി. തുടർന്ന് വിവിധ ചടങ്ങുകൾക്ക് ശേഷം സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. വരാപ്പുഴ അതിരൂപത മെത്രാപോലീത്താ ഡോ. ജോസഫ് കളത്തിപറമ്പിൽ, നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ എന്നിവർ സഹ അഭിഷേകകരായി. കർദിനാൾ ബസേലിയോസ് ക്ലീമിസ് ബാവാ സുവിശേഷ പ്രഘോഷണം നടത്തി. സഹായ മെത്രാൻ ക്രിസ്തുദാസ് സ്വാഗതം പറഞ്ഞു.
ആർച്ച് ബിഷപ് മാർ ജോസഫ് പെരുംതോട്ടം, ബിഷപ്പുമാരായ ഡോ. സ്റ്റാൻലി റോമൻ, ഡോ. പോൾ ആന്റണി മുല്ലശ്ശേരി, ഡോ.ജോർജ് രാജേന്ദ്രൻ ( തക്കല ) , ഡോ. സിൽവെസ്റ്റർ പൊന്നുമുത്തൻ, ഡോ. സ്റ്റീഫൻ അത്തിപ്പൊഴിൽ, സാമുവൽ മാർ ഐറേനിയോസ്, തോമസ് പുളിക്കൽ, ഡോ. നസ്രയിൽ സൂസൈ, ഡോ. സെബാസ്റ്റിൻ തെക്കത്തെച്ചേരി, ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, ഡോ. പീറ്റർ അബിർ സ്വാമി, ഡോ. അലക്സ് വടക്കുംതല, വർഗീസ് ചക്കാലയ്ക്കൽ, ജോസഫ് കാരിക്കാശ്ശേരി, ടോണി നീലങ്കാവിൽ, ജയിംസ് ആനാപറമ്പിൽ, വിൻസന്റ് മാർ പൗലോസ്, മാത്യു അറയ്ക്കൽ. ജോസഫ് കല്ലറങ്ങാട്ട് എന്നിവർ പങ്കെടുത്തു. മന്ത്രി ആന്റണി രാജു ഉൾപ്പെടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലുള്ളർ ചടങ്ങ് വീക്ഷിക്കാനെത്തി.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]