
കോലഞ്ചേരി
കെ റെയിൽ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനത്തിന് സ്ഥാപിക്കുന്ന അതിർത്തി കല്ലുകൾ പറിച്ചെറിയാൻ ശ്രമിക്കുന്ന കോൺഗ്രസ്–- ബിജെപി അക്രമ സമരങ്ങൾക്ക് തിരിച്ചടിയായി പിഴുതെറിഞ്ഞ കല്ല് ഭൂ ഉടമ വീണ്ടും ഇടുവിച്ചു. തിരുവാണിയൂർ പഞ്ചായത്തിലെ മാമലയിൽ കോൺഗ്രസുകാർ പിഴുതുമാറ്റിയ കെ റെയിൽ സർവേക്കല്ലാണ് ഉടമയുടെ പരാതിയെത്തുടർന്ന് പുനഃസ്ഥാപിച്ചത്. മാമല എം കെ റോഡിന് സമീപം സ്ഥാപിച്ച കല്ല് വ്യാഴാഴ്ച രാത്രിയാണ് പിഴുതുമാറ്റിയത്. സമരക്കാർ ഭൂമിയിൽ അതിക്രമിച്ച് കയറിയാണ് കല്ല് മാറ്റിയതെന്ന് കാണിച്ച് ഭൂ ഉടമ മുല്ലക്കൽ സരള രവീന്ദ്രൻ ചോറ്റാനിക്കര പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ കെ റെയിൽ അധികൃതർ കല്ല് പുനഃസ്ഥാപിച്ചു. കോൺഗ്രസും -ബിജെപിയും ചേർന്നാണ് പ്രദേശത്ത് സർവേക്കെതിരെ സമരം. ഇവിടെ അടുത്ത് കക്കാട് ഭാഗത്തും കല്ല് പിഴുതുമാറ്റിയിരുന്നു. ഇതും പുനഃസ്ഥാപിക്കാൻ പരാതി നൽകാനുള്ള നീക്കത്തിലാണ് ഭൂ ഉടമകൾ.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]