
ഫത്തോർദ
നിറങ്ങളുടെ ഉത്സവം കഴിഞ്ഞു. എല്ലാ നിറങ്ങളും ഇന്ന് മഞ്ഞയിൽ ചേരുന്നു.
ഗോവക്കാർക്ക് ഹോളിയും കാർണിവലുമെല്ലാം ഫത്തോർദയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ്. വർണക്കാഴ്ചകളുടെ ആവേശം ഇന്നവർ കളത്തിൽ പടർത്തും.
തെരുവുകളിൽ ഒറ്റനിറം മാത്രം. അവിടെ കേരള ബ്ലാസ്റ്റേഴ്സിനും ഹൈദരാബാദ് എഫ്സിക്കും ആർപ്പുവിളികൾ ഉയരും.
ഐഎസ്എലിലെ ആവേശകരമായ ഫൈനലിന് രാത്രി 7.30ന് വിസിൽ മുഴക്കം. കാർണിവലും ഹോളിയും കഴിഞ്ഞ് ശാന്തമായ ഗോവൻ തീരങ്ങളിൽ മറ്റൊരു ആഘോഷകാലം .
ചൂടുകാറ്റിനൊപ്പം കളിയാരവവും പടർന്നുപിടിക്കുന്നു. ഗോവൻ ടീം ഇല്ലെങ്കിലും ആവേശത്തിന് കുറവില്ല.
ബ്ലാസ്റ്റേഴ്സ് ആരാധകർ ഫത്തോർദയിൽ നിറഞ്ഞു. ഹൈദരാബാദിനും ആരാധകരേറെ.
കളത്തിൽ ബ്ലാസ്റ്റേഴ്സിന് മഞ്ഞനിറമുണ്ടാകില്ലെങ്കിലും സ്റ്റേഡിയം മഞ്ഞക്കടലാകും.
ഇക്കുറി പതിവുകാഴ്ചകളായിരുന്നില്ല കണ്ടത്. സുന്ദരമായ പ്രകടനവും ജയങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് കിരീടപ്പോരിനെത്തിയത്.
അവസാന അഞ്ച് കളിയിൽ തോൽക്കാതെയുള്ള കുതിപ്പ്. സെർബിയക്കാരനായ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സിന് ഇതുവരെ കിട്ടാത്ത പോരാട്ടമനസാണ് നൽകിയത്.
കളത്തിൽ ഒറ്റ മനസോടെ പൊരുതുന്ന ഒരു കൂട്ടം കളിക്കാരുമുണ്ടായി. അഡ്രിയാൻ ലൂണയും അൽവാരോ വാസ്കസും ജോർജ് ഡയസുമെല്ലാം ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനെ അജയ്യരുടെ സംഘമാക്കി.
മാർകോ ലെസ്കോവിച്ചും പുയ്ട്ടിയയും അബ്ദുൾ സഹൽ സമദും റുയ്വാ ഹോർമിപാമുമെല്ലാം കളത്തിൽ നിറഞ്ഞു. മുമ്പ് രണ്ട് തവണ കൈവിട്ട
കിരീടം വുകോയിലൂടെ മാറോടണക്കാം എന്ന് ബ്ലാസ്റ്റേഴ്സ് സ്വപ്നം കാണുന്നു. മറുവശത്ത് ഹൈദരാബാദ് വമ്പൻമാരുടെ സംഘമാണ്.
ബ്ലാസ്റ്റേഴ്സിനായി മുമ്പ് പന്ത് തട്ടിയിട്ടുള്ള ബർതലോമിയോ ഒഗ്ബെച്ചെയുടെ കാലുകളിലായിരുന്നു അവരുടെ മുന്നേറ്റം. സീസണിൽ നേടിയത് 18 ഗോളുകൾ.
തൊടുക്കാനും തടുക്കാനും ഒരുപോലെ കെൽപ്പുള്ളവർ. ഗോൾ നിറയ്ക്കാൻ ഒഗ്ബെച്ചെയും തടുക്കാൻ ആകാശ് മിശ്രയുമുണ്ട്.
മധ്യനിര ജോയോ വിക്ടർ എന്ന ബ്രസീലുകാരൻ ഭരിക്കുന്നു. ഗോളിലും അവസരമൊരുക്കലിലും പന്തടക്കത്തിലും ഹൈദരബാദിനാണ് മുന്നേറ്റം.
22 കളിയിൽ ഹൈദരാബാദ് അടിച്ചുകൂട്ടിയത് 46 ഗോൾ. 110 തവണ ലക്ഷ്യത്തിലേക്ക് തൊടുത്തു.
ബ്ലാസ്റ്റേഴ്സ് നേടിയത് 36 ഗോൾ. ഷോട്ടുകൾ 99ഉം.
പാസുകളുടെ എണ്ണത്തിലും ഹൈദരാബാദാണ് മുന്നിൽ. പ്രതിരോധത്തിൽ ബ്ലാസ്റ്റേഴ്സിനാണ് മേൽക്കൈ.
ഇരു ടീമുകളും വഴങ്ങിയത് 25 ഗോളുകളാണ്. ബ്ലാസ്റ്റേഴ്സ് എട്ട് കളിയിൽ ഗോൾ വഴങ്ങിയിട്ടില്ല.
ഹൈദരാബാദ് മൂന്നെണ്ണത്തിൽ മാത്രം. എങ്കിലും അവരുടെ ഗോൾ കീപ്പർ ലക്ഷ്മികാന്ത് കട്ടിമണി മിടുക്കനാണ്.
എടികെ മോഹൻ ബഗാനുമായുള്ള രണ്ടാംപാദ സെമിയിൽ കട്ടിമണിയുടെ മികവ് തെളിഞ്ഞുകണ്ടു. ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ പ്രഭ്സുഖൻ ഗിൽ ഏത് സമ്മർദവും അതിജീവിക്കാൻ കെൽപ്പുള്ള താരവും.
ആക്രമണമാണ് ഹൈദരാബാദ് പരിശീലകൻ മനോലോ മാർകേസിന്റെ രീതി. വിങ്ങുകളിലൂടെയുള്ള കുതിപ്പ്.
ആശിഷ് റായിയും ആകാശ് മിശ്രയുമാണ് സ്പാനിഷുകാരന്റെ വിങ്ങിലെ ആയുധങ്ങൾ. മധ്യനിരയിൽ വിക്ടർ കളി നിയന്ത്രിക്കും.
ഒഗ്ബെച്ചെയെ സഹായിക്കാൻ രോഹിത് ധാനുവും നിഖിൽ പൂജാരിയും ചിയാനിസെയും. മധ്യനിരയാണ് വുകോമനോവിച്ചിന്റെ കേളീകേന്ദ്രം.
ലൂണയ്ക്കും പുയ്ട്ടിയയ്ക്കുമാണ് പ്രതിരോധത്തെയും മുന്നേറ്റത്തെയും കണ്ണിചേർക്കാനുള്ള ചുമതല. ഹൈദരാബാദിനെതിരെ ഇറങ്ങുമ്പോൾ ഇരുവരുടെയും പ്രകടനം നിർണായകമാകും.
സഹലിന്റെ അഭാവത്തിൽ രണ്ടാം സെമിയിൽ നിഷു കുമാറിനെയാണ് കളിപ്പിച്ചത്. നിഷുവിന് പക്ഷേ, ശോഭിക്കാനായില്ല.
ജീക്സൺ സിങ്, കെ പി രാഹുൽ എന്നിവർ പരിഗണനയിലുണ്ട്. മുന്നേറ്റത്തിൽ വാസ്കസും ഡയസും തെളിയേണ്ടതുണ്ട്.
അപ്പോഴും പ്രതിരോധത്തിൽ ലെസ്കോവിച്ച്‐ഹോർമിപാം സഖ്യത്തിലാണ് പ്രതീക്ഷകൾ. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]