
സ്വന്തം ലേഖിക
തിരുവനന്തപുരം: വിദേശത്ത് കുടുങ്ങി കിടന്ന യുവതികള്‍ക്ക് തുണയായി മുന്‍ രാജ്യസഭാംഗം സുരേഷ് ഗോപിയുടെ ഇടപെടല്‍.
കഴിഞ്ഞ ഒന്നര വര്‍ഷമായി ജോലി തട്ടിപ്പില്‍ അകപ്പെട്ട് മസ്കറ്റില്‍ ജീവിക്കുകയായിരുന്ന തിരുവനന്തപുരം, കൊല്ലം സ്വദേശിനികള്‍ക്കാണ് സുരേഷ് ഗോപിയുടെ സഹായത്താല്‍ നാട്ടിലേക്ക് മടങ്ങാനായത്.
നാട്ടിലുള്ള ഒരു ഏജന്‍സി മുഖേനയാണ് ഇരുവരും ജോലിക്കായി ദുബായിലേക്ക് വിമാനം കയറിയത്. എന്നാല്‍ ദുബായില്‍ നിന്ന് ഏജന്‍സി നിര്‍ദേശിച്ച വ്യക്തി മുഖേന എത്തിപ്പെട്ടത് മസ്കറ്റിലാണ്. ആദ്യ രണ്ടു മാസം കൃത്യമായി ശമ്പളം ലഭിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷത്തോളം ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നു.
കുടുംബ പ്രാരാബ്ധങ്ങളോര്ത്ത് പണം ഒന്നിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ പരമാവധി പിടിച്ചുനിന്നു. അതിനിടെയാണ് തിരുവനന്തപുരം സ്വദേശിനിയായ ലത്തീഫയ്ക്ക് അസുഖം പിടിപെടുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും ഏജന്‍സി കൈപ്പറ്റിയ പണം നല്‍കാതെ പാസ്പോര്‍ട്ട് വിട്ടുതരാന്‍ കഴിയില്ലെന്നായിരുന്നു വിദേശത്തെ സ്പോണ്‍സറുടെ മറുപടി.
ഇതിനായി അവര്‍ ആവശ്യപ്പെട്ടത് 1,000 റിയാല്‍ ആയിരുന്നു. അതായത് 2 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ. ഈ സമയത്താണ് പ്രവാസിയായ അനില്‍കുമാര്‍ വഴി ഇവര്‍ സുരേഷ് ഗോപിയെ ബന്ധപ്പെടുന്നത്.
ഫോണില്‍ സംസാരിച്ചപ്പോള്‍ അടയ്ക്കാനുള്ള തുക നല്‍കാമെന്നും നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാമെന്നും സുരേഷ്ഗോപി ഉറപ്പ് നല്കി. തുടര്‍ന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഇരുവരെയും തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, അഡ്വ. സുരേഷ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയായിരുന്നു രണ്ട് പേരെയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സുരേഷ് ഗോപി വേഗത്തിലാക്കിയത്.
ഇന്ന്.. സ്വന്തം മണ്ണില്‍ കാലുകുത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം സ്വദേശിനി ലത്തീഫയും പത്തനാപുരം സ്വദേശിനി സരസ്വതിയുമുള്ളത്. ഇവരുടെ ഓരോ വാക്കിലും സുരേഷ് ഗോപിയോടുള്ള നന്ദി പ്രകടമാണ്.
അത്രത്തോളം മനോവേദന സഹിച്ചായിരുന്നു ഇക്കാലമത്രയും അറബി നാട്ടില്‍ ഇരുവരും കഴിച്ചുകൂട്ടിയത്. പ്രതിസന്ധി ഘട്ടത്തില്‍ തണലായി മാറിയ സുരേഷ് ഗോപിക്ക് നന്ദിയോടെ കൈകൂപ്പുകയാണ് ലത്തീഫയും സരസ്വതിയും.
The post ജോലി തട്ടിപ്പില്‍ അകപ്പെട്ട് മസ്കറ്റിലെത്തി; ശമ്പളമില്ലാതെ പണിയെടുത്തത് ഒരു വര്‍ഷത്തോളം; ലത്തീഫയ്ക്കും സരസ്വതിക്കും കൈത്താങ്ങായി സുരേഷ് ഗോപി; ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഇരുവരെയും നാട്ടിലെത്തിച്ചു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]