

ന്യൂഡൽഹി: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ടുനിൽക്കുമെന്ന് അറിയിച്ച കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര പ്രസിഡന്റ് അലോക് കുമാർ. ചടങ്ങിൽ നിന്നും വിട്ടുനിൽക്കാൻ കോൺഗ്രസ് നേതൃത്വം വാസ്തവ വിരുദ്ധമായ കാര്യങ്ങൾ ഉയർത്തിക്കാട്ടുകയാണെന്ന് അലോക് കുമാർ പറഞ്ഞു. സോണിയ നയിക്കുന്ന നേതൃത്വം പങ്കെടുക്കില്ലെന്ന് തീരുമാനം എടുത്താലും അണികളുടെ പിന്തുണ ചടങ്ങിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐ നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സോണിയ നയിക്കുന്ന നേതൃത്വവും പാർട്ടി പ്രവർത്തകരും തമ്മിൽ കാര്യമായ ഭിന്നതയുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. നേതൃത്വം രാമക്ഷേത്രത്തെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുമ്പോഴും അണികൾ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുമെന്ന് വ്യക്തമാക്കുകയാണ്. നേതാക്കൾ ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിക്കുന്നത് അവരുടെ സ്വാർത്ഥത കൊണ്ടാണ്. അവർ ഉന്നയിക്കുന്നത് ഇത് ആർഎസ്എസ്, ബിജെപി ചടങ്ങാണെന്നാണ്. അങ്ങനെയാണ് നടത്താൻ ഉദ്ദേശിച്ചിരുന്നതെങ്കിൽ അവരെ ഞങ്ങൾ ചടങ്ങിലേക്ക് ക്ഷണിക്കുമായിരുന്നോ… തെറ്റായ കാര്യങ്ങൾ ഉന്നയിച്ച് ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നതിനെ ന്യായീകരിക്കാനാണ് അവർ ശ്രമിക്കുന്നത്. പാർട്ടിയിലെ രണ്ടാംനിര നേതാക്കൾ അടക്കം ദർശനത്തിനായി അയോദ്ധ്യയിലെത്തുമെന്ന് ഉറപ്പാണ്. അലോക് കുമാർ പറഞ്ഞു.
കോൺഗ്രസിൽ നിന്നും സോണിയ, മല്ലികാർജ്ജുൻ ഖാർഗെ, ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കായിരുന്നു പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നത്. ആദ്യം നിലപാട് വ്യക്തമാക്കിയിരുന്നില്ലെങ്കിലും ശേഷം ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് അറിയിക്കുകയായിരുന്നു. കേരളം, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങൾ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കരുതെന്ന ആവശ്യം എഐസിസിക്ക് മുന്നിൽ വച്ചിരുന്നു. നേതാക്കൾ പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്താൽ മുസ്ലീം വോട്ട് പാർട്ടിയിൽ നിന്നും അകലുമെന്നും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ അത് കാര്യമായി ബാധിക്കുമെന്നും കേരളം, തെലങ്കാന തുടങ്ങിയ സംസ്ഥാന ഘടകങ്ങൾ പാർട്ടിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ പാർട്ടി നേതൃത്വം നിലപാട് വ്യക്തമാക്കുന്നതിന് മുമ്പ് തന്നെ ഹിമാചൽപ്രദേശ് അടക്കമുള്ള സംസ്ഥാന ഘടകങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി രംഗത്തുവന്നിരുന്നു. ഹിമാചൽ മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു ക്ഷണം ലഭിച്ചാൽ ഉറപ്പായും ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. ഹിമാചൽ മന്ത്രി വിക്രമാദിത്യ സിംഗ്, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരും സമാന നിലപാടാണ് സ്വീകരിച്ചത്.