
തിരുവനന്തപുരം: വെഞ്ഞാറമൂട് ലഹരിവില്‍പ്പനയെക്കുറിച്ച് പൊലീസിനു വിവരം നല്കിയ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെയും അമ്മയെയും വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. പൊലീസില്‍നിന്ന് പെണ്‍കുട്ടിയുടെ പേരുവിവരം ചോര്‍ന്നതാണ് അക്രമത്തിനു വഴിയൊരുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയെ കമ്പുകൊണ്ടു പലതവണ അടിച്ചു. മര്‍ദനമേറ്റ് അമ്മയുടെ കൈയ്ക്ക് പൊട്ടലുണ്ട്.
എക്സൈസ് വകുപ്പ് സ്കൂളില്‍ നടത്തിയ ബോധവത്കരണ പരിപാടിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് വിദ്യാര്‍ത്ഥിനി വീടിനടുത്തു നടന്നുവരുന്ന കഞ്ചാവ് വില്‍പ്പനയെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. പക്ഷേ, കഞ്ചാവ് വില്‍പ്പനക്കാരെ അറസ്റ്റ് ചെയ്യാനോ വില്‍പ്പന തടയാനോ പൊലീസ് തയ്യാറായില്ല. മറിച്ച് വിവരം നല്കിയ പെണ്‍കുട്ടിയുടെ ജീവിതം ദുസ്സഹമായി. ദിവസവും അസഭ്യവും ഭീഷണിയും. ഒടുവില്‍ മര്‍ദനമേറ്റതോടെ വിദ്യാര്‍ത്ഥിനിക്ക് സ്കൂളില്‍ പോകുന്നതുതന്നെ നിര്‍ത്തിവയ്ക്കേണ്ടിവന്നു.
കഴിഞ്ഞ മാസമാണ് പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിനു സമീപം താമസിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി തന്റെ വീടിനു സമീപത്തു നടക്കുന്ന കഞ്ചാവ് വില്‍പ്പനയെക്കുറിച്ചുള്ള വിവരം പൊലീസ് ഹെല്പ്പ്ലൈന് നമ്പരായ 100-ല്‍ വിളിച്ചു പറയുന്നത്. ഉടന്‍തന്നെ വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തുകയും അയല്‍വാസിയും തിരുവനന്തപുരം കോര്പ്പറേഷന് ജീവനക്കാരനുമായ മുരുകനെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍, കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ല. സ്റ്റേഷനില്‍നിന്ന് ഇറങ്ങിയ ഇയാള്‍ അടുത്ത ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഭീഷണിപ്പെടുത്തല്‍ പതിവായപ്പോള്‍ പൊലീസില്‍ അറിയിച്ചു. ഈ പരാതി നിലനില്‍ക്കെയാണ് ഇയാള്‍ ജനുവരി ഏഴിന് രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി കുട്ടിയെയും അമ്മയെയും മര്‍ദിച്ചത്.
ആശുപത്രിയില്‍ ചികിത്സതേടിയ ഇരുവരും വെഞ്ഞാറമൂട് പൊലീസില്‍ വീണ്ടും പരാതി നല്കി. എന്നാല്‍, കുട്ടിയെ ആക്രമിച്ചതിന് കേസെടുക്കാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ ആക്രമണത്തിനിടെ മാല നഷ്ടപ്പെട്ടതിന് കേസെടുക്കാമെന്ന മറുപടിയാണ് എസ്ഐ വിനീഷ് നല്‍കിയതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. തങ്ങള്‍ നല്കിയ മൊഴിയല്ല പൊലീസ് രേഖപ്പെടുത്തിയതെന്നും ഇവര്‍ ആരോപിച്ചു. പെണ്‍കുട്ടി സ്കൂളില്‍ വരാത്തതിനെത്തുടര്‍ന്ന് അധ്യാപിക വിളിച്ചു തിരക്കിയപ്പോള്‍ കാര്യം പറഞ്ഞു.തുടര്‍ന്ന് അധ്യാപിക ഇടപെട്ടാണ് ഒരു വക്കീലിനെ ഏര്‍പ്പാടാക്കി നല്‍കിയത്.
പ്രതിയും പരാതിക്കാരും അയല്‍വാസികള്‍ ആണെന്നും ഇവര്‍ തമ്മില്‍ മുന്‍പും നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയില്ലെന്നും പരാതി നല്കിയ ദിവസംതന്നെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പ് ചേര്‍ത്ത് കേസെടുത്തതായും ഒളിവില്‍പ്പോയ പ്രതിയെ ഉടന്‍ പിടികൂടുമെന്നും ആറ്റിങ്ങല്‍ ഡിവൈഎസ്പി ജി ബിനു പറഞ്ഞു.
The post ലഹരി വില്‍പ്പനയെ കുറിച്ച് വിവരം നല്കി; സ്കൂള്‍ വിദ്യാര്‍ത്ഥിനിക്കും അമ്മയ്ക്കും വീട്ടില്‍ കയറി മര്‍ദനം<br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]