
തിരുവനന്തപുരം> സംസ്ഥാനത്തിലെ ഊർജ്ജലഭ്യതയിൽ മുന്നേറ്റം സൃഷ്ടിക്കുന്ന ഗെയിൽ വാതക പൈപ്പ് ലൈൻ രണ്ടാംഘട്ട നിർമാണ പ്രവൃത്തികളും പൂർത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൊത്തം 514 കി.മീ ദൈർഘ്യമുള്ള ഗെയിൽ പൈപ്പ് ലൈനിനായി ഏറ്റെടുത്ത ഭൂമിയുടെ ഉടമസ്ഥാവകാശം രേഖാ മൂലം തെളിയിച്ച എല്ലാ ഭൂവുടമകൾക്കും നഷ്ടപരിഹാരം നൽകിക്കഴിഞ്ഞു. പ്രമാണങ്ങൾ ഹാജരാക്കുന്ന മുറയ്ക്ക് ബാക്കിയുള്ളവർക്കും നഷ്ടപരിഹാരം നൽകി വരുന്നു. 404 കോടി രൂപ ഭൂമി ഏറ്റെടുക്കാനായി വകയിരുത്തുകയും അതിൽ 372 കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യുകയും ചെയ്തെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുറഞ്ഞ ചെലവിൽ മികച്ച ഇന്ധനം ലഭ്യമാക്കുന്ന ഈ പദ്ധതിയ്ക്കെതിരെ വലിയ പ്രചാരണമാണ് തുടക്കത്തിലുണ്ടായിരുന്നത്. എന്നാൽ തെറ്റിദ്ധാരണ പരത്തി ജനങ്ങളെ പ്രതിഷേധത്തിലേയ്ക്ക് തള്ളിവിടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. അർഹമായവർക്കെല്ലാം മികച്ച നഷ്ടപരിഹാരം ഉറപ്പുവരുത്തി ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാൻ സർക്കാരിനു സാധിച്ചു. ഇന്ന് ജനങ്ങളുടെ പിന്തുണയോടെ മികച്ച രീതിയിൽ പദ്ധതി പുരോഗമിക്കുകയാണ്. അസാധ്യമെന്ന് കരുതിയ, നാടിൻ്റെ വികസനത്തിനു മുതൽക്കൂട്ടാകുന്ന ഈ ബൃഹദ് പദ്ധതി ജനങ്ങളും സർക്കാരും ഒത്തു ചേർന്ന് യാഥാർത്ഥ്യമാക്കുകയാണ് ചെയ്തത്. അഭിമാനകരമായ ആ മാതൃക പിന്തുടർന്ന് കേരളത്തിൻ്റെ പുരോഗതിയ്ക്കായി നമുക്കൊരുമിച്ചു നിൽക്കാമെന്നും അദ്ദേഹം പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]