ഹൈദരാബാദ്> ആന്ധ്രപ്രദേശിലെ മുതിർന്ന സിപിഐ എം നേതാവും തെലങ്കാനയിലെ കർഷകപ്രക്ഷോഭത്തിൽ സായുധസേനയുടെ കമാൻഡറുമായിരുന്ന മല്ലു സ്വരാജ്യം അന്തരിച്ചു. ഹൈദരാബാദിലെ ബഞ്ചാരാഹിൽസിലുള്ള കേർ ആശുപത്രിയിലായിരുന്നു അന്ത്യം.
1931-ൽ തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ ജന്മി കുടുംബത്തിലാണ് മല്ലു സ്വരാജ്യം ജനിച്ചത്.
സ്വരാജ്യ മുദ്രാവാക്യമുയർത്തി ഗാന്ധിജി ആഹ്വാനംചെയ്ത സത്യഗ്രഹത്തിൽനിന്ന് ആവേശമുൾക്കൊണ്ടാണ് മല്ലുവിന് സ്വരാജ്യമെന്ന് പേരിട്ടത്. പതിനൊന്നാംവയസ്സിൽ തുടങ്ങിയതാണ് മല്ലു സ്വരാജ്യത്തിന്റെ പൊതുപ്രവർത്തനം.
കുടുംബത്തിന്റെ ചട്ടങ്ങൾ ധിക്കരിച്ച് തെരുവിലിറങ്ങിയ മല്ലു സ്വരാജ്യം തൊഴിലാളികൾക്ക് അരി വിതരണം ചെയ്തുകൊണ്ടാണ് തെലങ്കാനയിലെ രാഷ്ട്രീയ ഭൂമികയിലേക്ക് കടന്നുവന്നത്. സഹോദരൻ ഭീംറെഡ്ഡിയും പിന്നീട് ജീവിതസഖാവായ എം നരസിംഹ റെഡ്ഡിയും തെലങ്കാനയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്നു.
നൈസാമിന്റെ റസാക്കർ സേനയ്ക്കും ഭൂപ്രഭുക്കളുടെ ഗുണ്ടാപ്പടയ്ക്കുമെതിരെ പൊരുതാൻ കർഷകരുടെ സായുധസേനയെ സജ്ജമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച കമാൻഡറായിരുന്നു ഭീംറെഡ്ഡി. ഇവരുടെ പോരാട്ടങ്ങൾക്കൊപ്പംനിന്ന മല്ലു സ്വരാജ്യം കർഷകസേനയുടെ സായുധദളത്തിന്റെ നേതൃത്വമേറ്റെടുത്തു.
ഈ ഘട്ടത്തിൽ മല്ലു സ്വരാജ്യത്തിന്റെ തലയ്ക്ക് അധികാരികൾ പതിനായിരം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. സായുധപോരാട്ടത്തിനുശേഷം മേഖലയിലെ കർഷകരുടെ ക്ഷേമപ്രവർത്തനങ്ങളിൽ അവർ മുഴുകി.
കമ്യൂണിസ്റ്റ് പാർടിയുടെ പ്രമുഖ നേതാവായി ഉയർന്നു. നാൽഗൊണ്ട
മണ്ഡലത്തിൽനിന്ന് വിജയിച്ച് പാർലമെന്റിലുമെത്തി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.
സിപിഐ എമ്മിന്റെ 22–-ാം പാർടി കോൺഗ്രസിന് തെലങ്കാനയുടെ മണ്ണിൽ പാതാക ഉയർത്തിയതും മല്ലു സ്വരാജ്യമാണ്. ഞായർ രാവിലെ ആറിന് ആര്‍ടിസിഎച്ച് റോഡിലുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിക്കുന്ന മൃതദേഹം ഒമ്പത് മണിവരെ പൊതുദര്‍ശനത്തിനു വയ്ക്കും.
ശേഷം ജന്മനാടായ നല്ലഗൊണ്ടയിലേക്ക് കൊണ്ടുപോകും. ജന്മനാട്ടിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം നല്ലഗൊണ്ട
മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കും. മല്ലു ഗൗതം റെഡ്ഢി, മല്ലു നാഗാർജുൻ റെഡ്ഢി എന്നിവർ മക്കളാണ്.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]