
തിരുവനന്തപുരം
വിവാഹമോചനം രജിസ്റ്റർ ചെയ്യാൻ നിയമവും ചട്ടഭേദഗതിയും തയ്യാറാക്കുമെന്ന് തദ്ദേശമന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ‘കേരള വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റർ ചെയ്യൽ നിയമം’ എന്ന പേരിലാണ് നിയമനിർമാണം. നിലവില്‍ മതഭേദമന്യേയുള്ള വിവാഹ രജിസ്ട്രേഷന് ചട്ടങ്ങൾ മാത്രമാണുള്ളത്. 2008ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങളിൽ വിവാഹമോചനങ്ങളുടെ രജിസ്ട്രേഷനുള്ള വ്യവസ്ഥകൾകൂടി ഉൾപ്പെടുത്തും. സ്ത്രീകളുടെയും കുട്ടികളുടെയും ട്രാൻസ്ജെൻഡറുകളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ശുപാർശ പ്രകാരമാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു.
വിവാഹമോചനം തേടുമ്പോൾ കുഞ്ഞുങ്ങളുണ്ടെങ്കിൽ അവരുടെ സംരക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങളും രജിസ്ട്രേഷനിൽ ഉൾപ്പെടുത്തും. പുനർവിവാഹിതരാകുമ്പോൾ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നിയമനിർമാണവും ഉണ്ടാകും. ഇന്ത്യൻ നിയമ കമീഷന്റെ 2008ലെ റിപ്പോർട്ടിൽ വിവാഹവും വിവാഹമോചനവും രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്. അതിന് മതമോ വ്യക്തി നിയമമോ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും ബാധകമാക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ, ഇതിന്റെ അടിസ്ഥാനത്തിൽ നിയമനിർമാണമുണ്ടായിട്ടില്ല.
രാജ്യത്ത് വിവാഹമോചനം നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിയമം ഒരു സംസ്ഥാനത്തും നിലവിലില്ല. ഇക്കാര്യത്തിലും കേരളം രാജ്യത്തിന് മാതൃകയാവുകയാണെന്ന് മന്ത്രി പറഞ്ഞു. വിവാഹവും വിവാഹമോചനവും ഇന്ത്യൻ ഭരണഘടനയുടെ സമവർത്തി പട്ടികയിൽ ഉൾപ്പെടുന്നതിനാൽ വിവാഹമോചന രജിസ്ട്രേഷനായി സംസ്ഥാനത്തിന് നിയമനിർമാണം നടത്താവുന്നതാണ്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net