തിരുവനന്തപുരം > ഇഎംസിൻ്റെ സ്മരണകൾ എന്നത്തേക്കാളും പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഖാവിൻ്റെ ധൈഷണിക സംഭാവനകളും രാഷ്ട്രീയ ജീവിതവും പുതിയ വെല്ലുവിളികളെ നേരിടാൻ ദിശാബോധവും കരുത്തും പകരുന്നവയാണെന്നും ഇഎംഎസ് ദിനത്തിൽ പങ്കുവച്ച കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.
ആധുനിക കേരള ചരിത്രത്തിൽ ഇ എമ്മിനുള്ള സ്ഥാനം അനുപമമാണ്. ഭൂവുടമ വ്യവസ്ഥയുടെ അടിത്തറ തകർത്തും അസമത്വത്തിൽ അധിഷ്ഠിതമായ സാമൂഹ്യബന്ധങ്ങളുടെ വേരുകളറുത്തും നീതിയുടേയും സമത്വത്തിൻ്റേയും വെളിച്ചം ഈ നാടിനു പകരുന്നതിൽ അദ്ദേഹം വഹിച്ച പങ്കു നിർണ്ണായകമാണ്. സഖാവിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ആദ്യത്തെ മന്ത്രിസഭ നടപ്പാക്കിയ ഭൂപരിഷ്കരണമുൾപ്പെടെയുള്ള വിപ്ലവകരമായ നയങ്ങളാണ് അതു സാധ്യമാക്കിയത്. വിജ്ഞാന സമ്പദ്വ്യവസ്ഥയെന്ന ലക്ഷ്യം സ്വപ്നം കാണാൻ ഇന്ന് കേരളത്തെ പ്രാപ്തമാക്കുന്നത് സാർവത്രികവും സൗജന്യവുമായ പൊതുവിദ്യാഭ്യാസം ഉറപ്പു വരുത്താൻ ഇഎംഎസ് സർക്കാർ നടപ്പാക്കിയ നയങ്ങളുടെ അടിത്തറയിൽ നിന്നു കൊണ്ടാണ്. ആരോഗ്യമേഖലയിലുൾപ്പെടെ കേരളം ഇന്നനുഭവിക്കുന്ന സൗകര്യങ്ങൾക്കു പിന്നിൽ സഖാവിൻ്റെ ദീർഘവീക്ഷണവും രാഷ്ട്രീയ ഇച്ഛാശക്തിയുമുണ്ട്.
യാഥാസ്ഥിതിക ശക്തികൾക്കെതിരെ കർക്കശമായ നിലപാടെടുത്ത ഇ.എം.എസ് കേരള സമൂഹത്തെ മതനിരപേക്ഷതയുടെ ഇടമായി നിലനിർത്താൻ നിരന്തരം പ്രയത്നിച്ചു. കേരള രാഷ്ട്രീയത്തിനപ്പുറം ലോകത്തിൻ്റെ ചലനങ്ങൾ സൂക്ഷ്മായി നിരീക്ഷിച്ചിരുന്ന ഇ.എം.എസിൻ്റെ അസാധാരണമായ ധിഷണയും പാണ്ഡിത്യവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും നാടിൻ്റെയാകെയും ചരിത്രത്തെ സ്വാധീനിച്ചു. ഒരേ സമയം അസമാന്യനായ തത്വചിന്തകനായും താരതമ്യങ്ങൾക്കതീതനായ നേതാവായും ഇന്ത്യയിലെ തൊഴിലാളി വർഗ രാഷ്ട്രീയത്തിൻ്റെ ചരിത്രത്തിൽ അദ്ദേഹം തിളങ്ങി നിൽക്കുന്നു. സഖാവ് ഇ.എം.എസ് പകർന്ന പാഠങ്ങൾ ഹൃദിസ്ഥമാക്കി മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം. സമത്വസുന്ദരമായ ലോകത്തിനായി ഒത്തൊരുമിച്ചു പോരാടുമെന്ന് ഇഎംഎസ് സ്മൃതിയെ മുൻനിർത്തി പ്രതിജ്ഞ ചെയ്യാം – മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]