
ന്യൂഡൽഹി
അനുനയ നീക്കങ്ങൾ തുടരുമ്പോഴും പ്രതിസന്ധിയിൽനിന്ന് കരകയറാനാകാതെ കോൺഗ്രസ് നേതൃത്വം. ശക്തമായ വിമർശം ഉന്നയിച്ച ജി–-23 വിഭാഗം നേതാവായ ഗുലാംനബി ആസാദുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അനുരഞ്ജനചർച്ച നടത്തി. വെള്ളിയാഴ്ച നടന്ന യോഗം ഉദ്ദേശിച്ച ഫലമില്ലാതെ അവസാനിച്ചു. നേതൃത്വമില്ലായ്മയടക്കമുള്ള വിമർശ വിഷയങ്ങൾ ഗുലാംനബി വീണ്ടും ഉന്നയിച്ചു. ചർച്ചകളിലൂടെ പരിഹാരമുണ്ടാക്കാമെന്നും കടുത്ത നടപടിയുമായി മുന്നോട്ടുപോകരുതെന്നുമുള്ള നിലപാട് സോണിയ ആവർത്തിച്ചു.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളും പാർടിയുടെ ഭാവിയും ചർച്ച ചെയ്തെന്ന് ഗുലാം നബി പറഞ്ഞു. സോണിയയുടെ നേതൃത്വത്തെ ചോദ്യംചെയ്യുന്നില്ലെന്നും ആരും അവരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കരുത്, നിർണായകവിഷയങ്ങളിൽ കൂടിയാലോചന വേണം, കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ളവരെ മാറ്റണം, മുതിർന്ന നേതാക്കൾക്ക് അർഹിച്ച പരിഗണന നൽകണം–- തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു. വിമത യോഗത്തിൽ പങ്കെടുത്ത ഭുപീന്ദർസിങ് ഹൂഡയുമായി രാഹുൽഗാന്ധി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
വേണം അടിയന്തര ശസ്ത്രക്രിയ
കോൺഗ്രസിനെ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമുണ്ടെന്ന് ജി–-23 നേതാവും എംപിയുമായ മനീഷ് തിവാരി പറഞ്ഞു. കോൺഗ്രസ് എന്ന ആശയം ഇല്ലാതാകുന്ന സാഹചര്യമാണുള്ളത്. 2014ന് ശേഷമുള്ള അവസ്ഥ പരിശോധിച്ചാൽ അടിയന്തര ശസ്ത്രക്രിയക്ക് സമയമായെന്ന് മനസ്സിലാക്കാമെന്ന് തിവാരി പറഞ്ഞു.
എന്നാൽ, ജി–-23 നേതാക്കൾ കോൺഗ്രസിനെ ദുർബലപ്പെടുത്തുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പമൊയ്ലി തിരിച്ചടിച്ചു. പാർടി പിളർക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്ന് മുതിർന്ന നേതാവ് പി ചിദംബരം പ്രതികരിച്ചു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]