
തിരുവനന്തപുരം
സിൽവർ ലൈനിനെതിരെയുള്ള അക്രമസമരത്തിന്റെ പേരിൽ നിയമസഭ സ്തംഭിപ്പിക്കാനുള്ള പ്രതിപക്ഷ ശ്രമം ചീറ്റി. പ്രകോപന ശ്രമം വിഫലമായതോടെ അങ്കലാപ്പിലായ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് തടിതപ്പി. സഭ സ്തംഭിപ്പിക്കണമെന്നും അതല്ല ബഹിഷ്കരണം മതിയെന്നുമുള്ള ഭിന്നനിലപാടിലായ പ്രതിപക്ഷം ഭരണകക്ഷി അംഗങ്ങളെ അധിക്ഷേപിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.
വെള്ളിയാഴ്ച ചോദ്യോത്തരവേളയുടെ തുടക്കത്തിലാണ് ജനാധിപത്യ മര്യാദകൾ ലംഘിച്ച നടപടികൾക്ക് പ്രതിപക്ഷ നേതാവുതന്നെ നേതൃത്വം നൽകിയത്. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾമുതൽ പ്രതിപക്ഷ അംഗങ്ങൾ ബാനറും പ്ലക്കാർഡും ഉയർത്തി നടുത്തളത്തിലേക്കിറങ്ങി ബഹളം തുടങ്ങി. ചോദ്യോത്തര വേളയുമായി പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കർ എം ബി രാജേഷ് ആവശ്യപ്പെട്ടു. കെ–-റെയിലിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് ആഗ്രഹിക്കുന്നതിനാൽ സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
ചോദ്യോത്തര വേളയെ പ്രതിപക്ഷം സർക്കാരിനെ അപമാനിക്കാനുള്ള അവസരമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ചോദ്യോത്തരവേളയിൽ ഇത്തരം പ്രതിഷേധം പതിവില്ലെന്നും ശൂന്യവേളയിൽ പരിഗണിക്കാമെന്നും സ്പീക്കർ അറിയിച്ചു. ഇതംഗീകരിക്കാതെ പ്രതിപക്ഷം ബഹിഷ്കരണം പ്രഖ്യാപിച്ചു. ഇതിനിടെ നടുത്തളത്തിലേക്ക് ഓടിയെത്തിയ റോജി എം ജോൺ, പി സി വിഷ്ണുനാഥ്, എൽദോസ് തുടങ്ങിയവർ സഭ സ്തംഭിപ്പിക്കണമെന്ന ആവശ്യം ഉയർത്തി. ഇത് പ്രതിപക്ഷ നേതാവ് അവഗണിച്ചതോടെ ഭരണകക്ഷി അംഗങ്ങൾക്കെതിരെ ആക്രോശമായി.
ചരിത്രത്തിൽ ആദ്യമായാണ് ചോദ്യോത്തരവേളയിൽ പ്രതിപക്ഷനേതാവ് സഭ ബഹിഷ്കരണ ആഹ്വാനം നടത്തുന്നതെന്ന് മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. മാടപ്പള്ളിയിലെ വസ്തുത അറിഞ്ഞിട്ടും പ്രതിപക്ഷം ബോധപൂർവം പ്രശ്നമുണ്ടാക്കുകയാണെന്ന് മന്ത്രി സജി ചെറിയാനും വ്യക്തമാക്കി. തുടർന്ന്, സ്പീക്കർ സഭ താൽക്കാലികമായി നിർത്തിവച്ചു. വീണ്ടും ചേർന്ന് നടപടി പൂർത്തിയാക്കി അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]