
ഫത്തോർദ
ഒരു ദിനം ബാക്കി. ഒരുക്കങ്ങൾ പൂർണം. ഇവാൻ വുകോമനോവിച്ചും മാനുവേൽ മാർകേസും അവസാനമന്ത്രവും പകർന്നുകഴിഞ്ഞു. നാളെ ഫത്തോർദയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഐഎസ്എൽ ഫുട്ബോളിന്റെ കലാശപ്പോര്. ബ്ലാസ്റ്റേഴ്സ് ഷീൽഡ് ജേതാക്കളായ ജംഷഡ്പുർ എഫ്സിയെ തുരത്തി മുന്നേറിയപ്പോൾ മാർകേസിന്റെ ഹെെദരാബാദ് മുൻ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനെ മടക്കി. ഇരുടീമുകൾക്കും ആദ്യകിരീടമാണ് ലക്ഷ്യം.
ഐഎസ്എൽ കിരീടത്തിനായി ആറുവർഷത്തെ കാത്തിരിപ്പാണ് ബ്ലാസ്റ്റേഴ്സിന്. ആദ്യസീസണിൽ ഡേവിഡ് ജയിംസ് എന്ന മുൻ ഇംഗ്ലണ്ട് ഗോൾ കീപ്പറായിരുന്നു ബ്ലാസ്റ്റേഴ്സിനെ നയിച്ചതും പരിശീലിപ്പിച്ചതും. ഇയാൻ ഹ്യൂമും സ്റ്റീവൻ പിയേഴ്സണും ഉൾപ്പെട്ട നിര ഫെെനൽവരെ മുന്നേറിയപ്പോൾ ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച തുടക്കമായി. ഫൈനലിൽ എടികെയോട് തോറ്റു.
പ്രതീക്ഷയോടെയായിരുന്നു അടുത്ത സീസണിൽ ഇറങ്ങിയത്. എന്നാൽ, വെറും മൂന്നു ജയവുമായി എട്ടാംസ്ഥാനത്താണ് സീസൺ പൂർത്തിയാക്കിയത്. 2016ൽ സ്റ്റീവ് കൊപ്പൽ എന്ന തന്ത്രശാലിയായ പരിശീലകന്റെ കീഴിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചുവരികയായിരുന്നു. സി കെ വിനീതും ഹൊസുവും സെഡ്രിക് ഹെങ്ബർട്ടും ഉൾപ്പെട്ട നിര മിന്നി. വീണ്ടും ഫെെനലിലേക്ക്. ഇക്കുറിയും കിരീടപ്പോരിൽ നിരാശയായി ഫലം. എടികെയോട് ഒരിക്കൽക്കൂടി തോറ്റു. ഷൂട്ടൗട്ടുവരെ നീണ്ട കളിയിൽ ബ്ലാസ്റ്റേഴ്സ് പൊരുതിവീഴുകയായിരുന്നു.
പിന്നീട് ബ്ലാസ്റ്റേഴ്സ് മങ്ങി. ഗോളടിക്കാൻ മറന്നു. ജയം മറന്നു. തോൽവികളും സമനിലകളും ടീമിന്റെ നിലതെറ്റിച്ചു. റെനെ മ്യൂലെൻസ്റ്റീൻ എന്ന പരിശീലകൻ ഇടയ്ക്കുവച്ച് പോയി. ഡേവിഡ് ജയിംസ് തിരികെവന്നിട്ടും കാര്യമുണ്ടായില്ല. ജയിംസിനെ അടുത്ത സീസണിൽ ഒഴിവാക്കി. പകരക്കാരനായി നെലോ വിൻഗാഡ. പക്ഷേ, കളിമാത്രം മാറിയില്ല. പ്രകടനത്തിൽ പിന്നോട്ട്. 2019ൽ എൽകോ ഷട്ടോരിയെത്തി. 18 കളിയിൽ നേടിയത് നാലു ജയം. ഏഴാംസ്ഥാനം. കഴിഞ്ഞ സീസണിൽ ഏറെ പ്രതീക്ഷയോടെ കിബു വികുനയെന്ന സ്പാനിഷുകാരനെ കൊണ്ടുവന്നു. സീസൺ മുഴുമിപ്പിച്ചില്ല വികുന. 18 കളിയിൽ മൂന്നെണ്ണത്തിൽമാത്രമായിരുന്നു ജയം. ഫെബ്രുവരിയിൽ സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
എല്ലാ പ്രതീക്ഷയും അവസാനിച്ച സമയത്തായിരുന്നു വുകോയുടെ വരവ്. സ്വപ്നസമാനമായ മുന്നേറ്റം സ്വപ്നകിരീടത്തിന് അരികെ എത്തിയിരിക്കുന്നു. രണ്ടുതവണ കെെവിട്ട കിരീടം ബ്ലാസ്റ്റേഴ്സ് ഇക്കുറി ഏറെ മോഹിക്കുന്നു.
കാണികൾ 100 ശതമാനം
ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ്–ഹെെദരാബാദ് എഫ്സി മത്സരത്തിന് കാണികൾ നിറയും. ഫത്തോർദയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 19,000 കാണികൾക്കാണ് ഇരിപ്പിടം. കോവിഡ് കാരണം ഈ സീസണിൽ ഇതുവരെ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് അനുമതി നൽകിയിരുന്നില്ല.
ഫെെനലിൽ രണ്ട് ഡോസ് എടുത്തവർക്കോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കോമാത്രമാണ് പ്രവേശനം.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]