
തിരുവനന്തപുരം> അവൾക്കൊപ്പം.. അവൾക്കൊപ്പം.. അവൾക്കൊപ്പം.. അതിജീവനത്തിന്റെ മറുപേരായവൾക്ക് കേരളത്തിന്റെ ഊഷ്മളമായ വരവേൽപ്പ്. 26–-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനവേദിയിൽ എത്തിയ നടി ഭാവനയെ എഴുന്നേറ്റു നിന്ന് സ്വീകരിച്ച് സദസ്. അപ്രതീക്ഷിതമായാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ ഭാവനയെ ക്ഷണിച്ചത്. പേരു കേട്ടതും ഉയർന്ന നിലയ്ക്കാത്ത കൈയ്യടിയിൽ അവൾക്കൊപ്പമെന്ന തീർച്ച വ്യക്തമായിരുന്നു. വേദിയിലെത്തിയ ഭാവനയ്ക്ക് മേളയുടെ ആർടിസ്റ്റിക് ഡയറക്ടർ ബീനാപോളിന്റെ ഊഷ്മളമായ ആലിംഗനം. പിറകെ സീറ്റിലേക്ക്.
രണ്ട് അതിജീവിതകളുടെ സംഗമത്തിനുകൂടിയാണ് ഉദ്ഘാടന വേദി സാക്ഷ്യം വഹിച്ചത്. ഐഎസ് ആക്രമണത്തെ അതിജീവിച്ച കുർദിഷ് സംവിധായിക ലിസ ചലാനും ഭാവനയും ഒരുവേദിയിൽ ഒന്നിച്ച് എത്തിയത് കേരളം ആർക്കൊപ്പമാണെന്നതിന്റെ വിളിച്ചോതലായി. ഭാവന കേരളത്തിന് റോൾ മോഡലാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാനും അർഥ ശങ്കയ്ക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചു. സ്ത്രീപക്ഷമാണ് സർക്കാരിന്റെ നയമെന്ന് വീണ്ടും ഉറപ്പിച്ചു പറഞ്ഞു മന്ത്രി.
ഓരോ പ്രസംഗം കഴിയുമ്പോഴും ഭാവനയുടെ വാക്കുകൾ കേൾക്കാൻ അക്ഷമരായി സദസ് കാത്തിരുന്നു. പ്രസംഗിക്കാൻ എഴുന്നേറ്റതും വീണ്ടും നിലയ്ക്കാത്ത കൈയ്യടി. ‘‘നല്ല സിനിമകൾ സൃഷ്ടിക്കുന്നവർക്കും നല്ല സിനിമകൾ ആസ്വദിക്കുന്നവർക്കും ലിസയെപ്പൊലെ ഒഴുക്കിനെതിരെ പൊരുതുന്നവർക്കും ആശംസകൾ’’–- ഒരു വാചകത്തിൽ നിലപാട് വ്യക്തമാക്കി ഭാവന തിരികെ സീറ്റിലേക്ക്. വർഷങ്ങൾക്ക് ശേഷമാണ് ഭാവന വീണ്ടും ഒരു പൊതുവേദിയിലെത്തുന്നത്. സംഘർഷവും അതിജീവനവും മുഖ്യപ്രമേയമായ മേളയെ അന്വർത്ഥമാക്കുന്നതായിരുന്നു അവരുടെ സാന്നിധ്യം.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]