

ബെംഗളൂരു: നവകേരള യാത്രയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ബസ് ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ടു. ബസ് ബോഡി നിർമ്മിക്കുന്ന ബെംഗളൂരു ലാൽബാഗിലെ സ്വകാര്യ കമ്പനിയുടെ ഓഫീസിൽ നിന്ന് വൈകിട്ട് 6.30-ഓടെയാണ് കേരളത്തിലേക്ക് ബസ് പുറപ്പെട്ടത്. നവകേരള സദസ്സിന് തുടക്കം കുറിക്കുന്ന കാസർകോട് ജില്ലയിൽ ബസ് എത്തും. അടിമുടി കടത്തിൽ മുങ്ങിനിൽക്കുമ്പോഴാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുഖിക്കാൻ ഒരു കോടിക്ക് മേൽ വിലമതിക്കുന്ന അഡംബര ബസ് കേരളത്തിലേയ്ക്ക് എത്തുന്നത്.
18-ന് പുലർച്ചെ കാസർകോട് ബസ് എത്തും. ബെംഗളൂരുവിലെ എസ്.എം കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡ്(പ്രകാശ്) ആണ് അത്യാധുനിക സൗകര്യങ്ങളുള്ള ബസിന്റെ ബോഡി നിർമിച്ചത്. കറുപ്പാണ് ബസിന്റെ നിറം. അതിൽ ഗോൾഡൻ നിറത്തിൽ ചിത്രങ്ങളും വരച്ചിട്ടുണ്ട്. ‘കേരളം ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ടാഗ് ലൈനും ബസിൽ കാണാം. 25 പേർക്ക് യാത്ര ചെയ്യാനാകുന്ന തരത്തിലാണ് ബസിലെ സീറ്റിംഗ് അറേഞ്ച്മെന്റ്. മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയും ബസിൽ ഉണ്ട്.
മുഖ്യമന്ത്രിക്ക് യാത്രയ്ക്കായി എത്തിച്ചിരിക്കുന്ന ബസിന് മാത്രമായി നിരത്തുകളിൽ പ്രത്യേക ഇളവുകളും സർക്കാർ നൽകിയിട്ടുണ്ട്. മറ്റ് കോൺട്രാക്ട് ക്യാരേജ് ബസുകൾക്കുള്ള നിയമങ്ങൾ ഈ ബസിന് ബാധകമല്ല. ടൂറിസ്റ്റ് ബസുകൾ വെള്ള നിറത്തിൽ വേണമെന്ന നിയമം കാറ്റിൽപ്പറത്തി കൊണ്ടാണ് കറുപ്പ് നിറം നൽകിയിരിക്കുന്നത്. സർക്കാരിനും സർക്കാർ നിർദ്ദേശിക്കുന്ന വിവിഐപികൾക്കും ബസ് ആവശ്യപെടുമ്പോൾ വിട്ടു നൽകാനും പുറത്തുനിന്ന് വൈദ്യുതി ഉപയോഗിച്ച് ബസിലെ എസിയും ഇൻവേർട്ടറും പ്രവർത്തിപ്പിക്കാനും അനുമതി നൽകിയിട്ടുണ്ട്.