

ലഖ്നൌ: യുവാക്കളുടെ ആക്രമണത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. സ്കൂള്‍ വിട്ട് വീട്ടിലേക്ക് സൈക്കിളില്‍ പോകുന്നതിനിടെ യുവാക്കള്‍ പെണ്‍കുട്ടിയുടെ ഷാളില്‍ പിടിച്ചുവലിച്ചു തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി ബൈക്ക് കയറി പതിനേഴുകാരി മരിച്ചു. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറിലാണ് സംഭവം.
അക്രമികൾ ഷാൾ പിടിച്ചുവലിച്ചതോടെ പെൺകുട്ടിക്ക് സൈക്കിളിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഉടനെ കുട്ടി റോഡിലേക്ക് വീണു. പെൺകുട്ടിയെ ശല്യം ചെയ്തവരിൽ ഒരാൾ ഓടിച്ച ബൈക്ക് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. ഷാനവാസ്, അർബാസ്, ഫൈസൽ എന്നിവരാണ് അക്രമികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകുന്നേരം 3:30 ഓടെ പെൺകുട്ടി സ്കൂളിൽ നിന്ന് വീട്ടിലേക്ക് സൈക്കിൾ ഓടിച്ച് പോകുമ്പോൾ മൂന്ന് പേർ ചേർന്ന് ശല്യപ്പെടുത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. ഷാനവാസ്, അർബാസ്, എന്നീ രണ്ടു പേർ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഷാൾ പിടിച്ചു വലിച്ചെന്നും പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു.