
സ്വന്തം ലേഖകൻ
കണ്ണൂര്‍: പയ്യാമ്പലം ബേബി ബീച്ചിന് സമീപം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ യുവതി നിക്ഷേപത്തട്ടിപ്പിന് ഇരയായതായി പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്..എടച്ചേരി മുത്തപ്പന് മടപ്പുരയ്ക്കടുത്ത് താമസിക്കുന്ന റോഷിത (32)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താവക്കര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ റോഷിത പണം നിക്ഷേപിച്ചിരുന്നു.
കഴിഞ്ഞ ദിവസം പണം തിരിച്ചു ചോദിക്കാനായി യുവതി സ്ഥാപനത്തിലെത്തി. എന്നാല്‍, അവര്‍ പണം നല്‍കാതെ രണ്ടു ദിവസം കഴിഞ്ഞ് വരാനായിരുന്നു പറഞ്ഞത്. രണ്ടു ദിവസം കഴിഞ്ഞ് പോയപ്പോഴും റോഷിതയ്ക്കു പണം നല്‍കിയില്ല. തുടര്‍ന്ന്, വെളളിയാഴ്ച്ച രാവിലെ യുവതി പണത്തിനായി വീണ്ടും ഈ സ്ഥാപനത്തില്‍ ചെന്നു. പണം നല്കാന് കഴിയില്ലെന്നായിരുന്നു അപ്പോഴും സ്ഥാപന അധികൃതരുടെ മറുപടി.
അന്നേ ദിവസം പണവുമായി വരുമെന്നും പണം കിട്ടിയില്ലെങ്കില്‍ തന്നെ ആരും പിന്നെ കാണില്ലെന്നും ഭര്‍ത്താവ് പ്രമിത്തിനോട് റോഷിത പറഞ്ഞതായി പറയുന്നു. നിക്ഷേപിച്ച സ്ഥാപനത്തില്‍ നിന്ന് പണം ലഭിക്കാതായതോടെ യുവതി തന്റെ സുഹൃത്തുക്കളോട് പണം കടം ചോദിച്ചതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍, ആരുടെ കൈയ്യില്‍ നിന്നും പണം ലഭിക്കാതെയായതോടെ തന്നെ അന്വേഷിക്കേണ്ടെന്നും വെറുക്കരുതെന്നും പറഞ്ഞ് ബന്ധുക്കള്‍ക്ക് സന്ദേശവും സമൂഹമാധ്യമത്തിലൂടെ സ്റ്റാറ്റസുമിട്ടതിനു ശേഷമാണ് യുവതി ജീവനൊടുക്കിയത്.
കണ്ണൂര്‍ സിറ്റി പോലീസാണ് കേസ് അന്വേഷണം നടത്തുന്നത്. കണ്ണൂരിലെ ജ്വല്ലറി ജീവനക്കാരിയായ റോഷിത വെളളിയാഴ്ച്ച ഉച്ചയോടെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് കുട്ടിക്ക് പാല് കൊടുക്കാനെന്ന് പറഞ്ഞ് അഞ്ചുകണ്ടിയിലെ വീട്ടിലേക്ക് പോയതായിരുന്നു. കുഞ്ഞിന് പാല്‍കൊടുത്തു വീട്ടിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞു വീട്ടില്‍ നിന്ന് പോകുമ്പോഴാണ് ബന്ധുക്കള്‍ക്ക് താന്‍ ജീവനൊടുക്കുകയാണെന്ന് പറഞ്ഞുളള സ്റ്റാറ്റസിട്ടത്.
ഇതേതുടര്‍ന്ന് ബന്ധുക്കളും പരിചയക്കാരും പോലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരുന്നതിനിടെയാണ് പയ്യാമ്പലം ബേബി ബീച്ചില്‍ മൃതദേഹം കണ്ടെത്തിയത്. കോസ്റ്റല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍ന്ന്, പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സാക്ഷ്, പ്രയാക്ഷ് എന്നിവരാണ് മക്കള്‍.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]