ഇസ്രയേൽ:ലോകത്തെ ഭീതിയിലാഴ്ത്തിയ ഒമിക്രോൺ കേസുകൾ എല്ലാ രാജ്യങ്ങളിലും വലിയ രീതിയിൽ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ആശ്വാസം നൽകുന്ന ഈ വാർത്തകൾക്ക് പിന്നാലെയാണ് കൊറോണയുടെ പുതിയ വകഭേദത്തെ കണ്ടെത്തിയെന്ന വാർത്ത ഇസ്രയേലിൽ നിന്ന് പുറത്ത് വരുന്നത്. ഇസ്രയേലിലേക്കെത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദം കണ്ടെത്തിയതെന്നാണ് ഇസ്രയേലിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും ഇസ്രയേലിൽ നിന്ന് നൽകിയ റിപ്പോർട്ടുകൾ പഠന വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രസ്താവനകൾ ഒന്നും ലോകാരോഗ്യ സംഘടന നടത്തിയിട്ടില്ല.
ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ ബിഎ.1, ബിഎ.2 എന്നിവയുടെ സങ്കരമാണ് പുതിയ വകഭേദമെന്നാണ് റിപ്പോർട്ട്. ലോകത്തിന് അജ്ഞാതമായ പുതിയ കൊറോണ വൈറസിനെ കണ്ടെത്തിയെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. പനി, പേശീവേദന, തലവേദന തുടങ്ങിയവയാണ് പുതിയ വകഭേദത്തിൽ പ്രധാന ലക്ഷണങ്ങളായി പ്രകടമാകുന്നത്. പുതിയ വകഭേദം ബാധിച്ചവർക്കും പ്രത്യേകമായി ചികിത്സയുടെ ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം പുതിയ വകഭേദത്തിന്റെ ഉത്ഭവം എവിടെ നിന്നാണ് എന്നത് സ്ഥിരീകരിച്ചിട്ടില്ല. ഇസ്രയേലിൽ നിന്ന് തന്നെ ആയേക്കാമെന്നാണ് ഇസ്രയേൽ ആരോഗ്യമന്ത്രാലയം ഡയറക്ടർ ജനറൽ നാച്ച്മൻ ആഷ് പറയുന്നത്. ഇസ്രയേലിൽ നിന്ന് യാത്ര പുറപ്പെടുമ്പോൾ തന്നെ അവർക്ക് രോഗം ബാധിച്ചിരിക്കാമെന്നും, രോഗത്തിന്റെ ഉറവിടം ഇസ്രയേലാണെന്ന് കരുതുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ വകഭേദം അടുത്ത കൊറോണ തരംഗത്തിന് വഴിവച്ചേക്കാമെന്നും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുമുണ്ട്.
The post പുതിയ കൊറോണ വകഭേദം കണ്ടെത്തി; അടുത്ത തരംഗത്തിന് കാരണമായേക്കാമെന്ന് മുന്നറിയിപ്പ് appeared first on NewsKerala.net .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]