
ഏതൊരാഴത്തിൽ മുക്കിവച്ചാലും തേടിയെത്തുന്ന പ്രണയത്തിന്റെ വശ്യതയാർന്ന മൊഴികളെഴുതിയ അരുൺ എളാട്ടിന് പക്ഷേ, പ്രണയം പാട്ടെഴുത്തിനോടെന്ന പോലെ പാടാനുംകൂടിയാണ്. സ്വപ്നം നിറച്ചാണ് അരുൺ എളാട്ട് ‘ബെസ്റ്റ് ആക്ടർ’സിനിമയിൽ പാട്ടുപാടിയത്. ‘‘സ്വപ്നമൊരു ചാക്ക്, തലയിലതുതാങ്ങിയൊരു പോക്ക്…’ പാട്ടിൽ സ്വപ്നം നിറച്ചെത്തിയ ഗായകൻ പാട്ടിനോടൊപ്പം വരികളെഴുതിയും താരമാവുകയാണ്. കേരളം മുഴുവൻ പാടി നടക്കുന്ന ഹൃദയത്തിലെ ‘ദർശനാ…’ എന്ന പാട്ടെഴുതിയ അരുണിപ്പോൾ സർവം, സദാ പാട്ടിലും എഴുത്തിലുമാണ്. ഒടിടിയിൽ ഹിറ്റായ ‘ഹോമി’ലും പാട്ടെഴുതിയിട്ടുണ്ട് ഈ യുവഗായകൻ.
2005ൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാന മത്സര വിജയിയാണ് ഈ കാസർകോട്ടുകാരൻ.. പ്ലസ്ടുവിനുശേഷം സംഗീതത്തിൽ ചുവടുറപ്പിക്കാൻ പഠനം എറണാകുളത്തേക്കുമാറ്റി. കോതമംഗലം എംഎ കോളേജിലെ പഠനകാലത്ത് സ്വകാര്യ ചാനലിലെ സംഗീത മത്സരത്തിൽ പങ്കെടുത്തു. പുതുമയുള്ള ശബ്ദം കേട്ട ബിജിബാലാണ് ബെസ്റ്റ് ആക്ടറിൽ പാടാൻ അവസരമൊരുക്കിയത്. നജീം അർഷാദ്, ഹരിശങ്കർ, കാർത്തിക്, സൂരജ് സന്തോഷ് തുടങ്ങിയവർക്കൊപ്പം മലയാള സിനിമാ പാട്ടുലോകത്ത് നവതരംഗം തീർത്തവരിൽ അരുണുമുണ്ടായിരുന്നു. തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി, കവി ഉദ്ദേശിച്ചത്, ടമാർ പഠാർ, അടി കപ്യാരെ കൂട്ടമണി തുടങ്ങി ഹോം വരെ 40 സിനിമ. സംഗീത ആൽബങ്ങളിൽ എഴുതിയ പാട്ടുകേട്ടപ്പോഴാണ് സഹമുറിയന്മാരായ ‘ഹോമി’ന്റെ സംവിധായകൻ റോജിൻ ജോസഫും സംഗീത സംവിധായകൻ രാഹുൽ സുബ്രഹ്മണ്യവും പാട്ടെഴുതാൻ നിർബന്ധിച്ചത്. അന്നെഴുതിക്കൊടുത്ത പാട്ടുകളാണ് മുകിലുതൊടാനായി, ഒന്നുണർന്നുവന്ന സൂര്യൻ… എന്നിവ. രണ്ടും ഹിറ്റായതോടെ പാട്ടെഴു ത്തും വഴങ്ങുമെന്നായി. ‘ഹോമി’ന് പാട്ടെഴുതുമ്പോൾ ഗാനസന്ദർഭം മാത്രമേ അറിയൂ. ഇന്ദ്രൻസിന്റെ മാനസിക സംഘർഷങ്ങൾ പതിഞ്ഞതോടെ പഠനത്തിനായി വീടുമാറിത്താമസിക്കേണ്ട കാലമോർത്തു. അച്ഛനമ്മമാരുടെ വിഷമമോർത്തു. വരികൾ മനസ്സിലേക്ക് തെളിഞ്ഞു. ‘അരികെ, അരികെ വിരിയും സ്നേഹപ്പൂവൊന്നിൻ ഇതളൂർന്നിടും പോലെ…’’ എന്നെഴുതിയത് എല്ലാ അച്ഛനമ്മമാരുടെയും മക്കൾ അടുത്തില്ലാത്ത സന്ദർഭം ഓർത്തിട്ടാണ്.
‘ഹോം’ റിലീസ് ആകുംമുന്നേ പുറത്തിറങ്ങിയ ‘സെയ്ഫിലെ’ പാട്ടാണ് വിനീത് ശ്രീനിവാസന്റെ ‘ഹൃദയത്തി’ലേക്ക് അരുണിനെയെത്തിച്ചത്. ‘ഈ വെയിൽ വഴികളകലവേ…ഒരു കൈ തരാം… തിരികെ വരൂ…’ പാടിയത് വിനീതായിരുന്നു. പ്രധാന പാട്ടെഴുതാൻ അരുണിനോട് ആവശ്യപ്പെടുകയായിരുന്നു. സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബിന്റെ കാറിലിരുന്നാണ് ട്യൂൺ കേട്ടത്. ആ ദിവസം തന്നെ വരികളെഴുതി. ആത്മവിശ്വാസം കുറവായിരുന്നു. സമയമെടുത്താണ് വരികൾ കാണിച്ചത്. പിന്നെയും കുറെ കാത്തിരുന്നു. രണ്ടുവർഷത്തിനുശേഷം ‘ഹൃദയ’ത്തിലെ വരികൾ ഹിറ്റാകുമ്പോൾ സന്തോഷമേറെയെന്ന് അരുൺ പറഞ്ഞു. എഴുത്തുകാരൻ സി വി ബാലകൃഷ്ണന്റെ മകൻ നന്ദൻ സംവിധാനം ചെയ്ത, നിരവധി പുരസ്കാരങ്ങൾ ലഭിച്ച ‘ഡ്രീമിങ് ഓഫ് വേഡ്സ് ’ എന്ന ഡോക്യുമെന്ററിക്ക് സംഗീതം നൽകി. സംഗീതം, ഗാനരചന, ആലാപനം ഇതെല്ലാം ഒന്നിച്ചുചെയ്യാൻ പറ്റുന്ന സിനിമയാണ് അരുണിന്റെ ഇപ്പോഴത്തെ സ്വപ്നം. ആദ്യം പാടിയ സിനിമയിലെ വരികൾപോലെ ‘‘ഇവനില്ലേ അവകാശം, കനവിനു വളമിടുവാൻ’’… എന്നതുപോലെ അരുൺ സ്വപ്നം കാണുകയാണ്, പാട്ടിന്റെ എല്ലാ വഴികളും തന്നിലേക്കെത്തുന്ന സിനിമയിൽ പ്രവർത്തിക്കുന്നത്.
വാമൊഴി പാട്ടുകളെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണിപ്പോൾ. വാമൊഴിപ്പാട്ടുപയോഗിച്ച് അരുൺ ഒരുക്കിയ ‘താലോലം’ എന്ന ചെറിയ സംഗീത ആൽബം കണ്ടത് ലക്ഷക്കണക്കിനുപേരാണ്. അമ്മ സത്യഭാമയാണതിൽ പാടിയത്. കാസർകോട് ജില്ലയിലെ തെക്കേ അതിർത്തിയായ കാലിക്കടവ് സ്വദേശിയായ അരുൺ പിലിക്കോട് ഗ്രാമ പഞ്ചായത്തംഗം എ കൃഷ്ണനാണ് അച്ഛൻ. ഭാര്യ: സ്വാതി. സഹോദരി: അമ്പിളി സന്ദീപ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]