പതിനേഴ് വർഷത്തെ കളിജീവിതത്തിൽ ഏഴ് രാജ്യങ്ങളിലായി 12 ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട് ഇവാൻ വുകോമനോവിച്ച്. കളിക്കാരനെന്ന നിലയിൽ പ്രൊഫഷണൽ ഫുട്ബോളിൽ കാര്യമായ നേട്ടങ്ങൾ അവകാശപ്പെടാനില്ലാത്തൊരു ഡിഫൻസീവ് മിഡ്ഫീൽഡർ. എന്നാൽ, ഏറെക്കാലം വിവിധ ക്ലബ്ബുകൾക്കായി കളിച്ചതിന്റെ അനുഭവസമ്പത്ത് പരിശീലകനെന്ന രീതിയിൽ വുകോയെ തുണച്ചു. തുടങ്ങി ഏറെയൊന്നും മുന്നേറാത്ത ഐഎസ്എല്ലിൽ സുന്ദരമായ കളിരീതിയിലൂടെ ഈ സെർബിയക്കാരൻ സ്വന്തമായൊരു ഇടമുണ്ടാക്കി.
രാജ്യങ്ങളിലൂടെയുള്ള സഞ്ചാരമാണ് വുകോമനോവിച്ചിന്റെ ആശയങ്ങളുടെ കേന്ദ്രം. പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ചുള്ള കളിരീതികൊണ്ടാണ് മുന്നേറ്റം. ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം വുകോമനോവിച്ചിന്റെ കീഴിൽ പുറത്തെടുത്തു. കൂടുതൽ ജയങ്ങളും ഗോളുകളുമുണ്ടായി. അർധാവസരങ്ങൾ മുതലാക്കാൻ കഴിയുന്ന മുന്നേറ്റക്കാരും ഒരേസമയം മുന്നേറ്റത്തിലും പ്രതിരോധത്തിലും കണ്ണിചേരുന്ന മധ്യനിരയും വന്നു. അതിസമ്മർദത്തിലും പതറാതെനിൽക്കുന്ന പ്രതിരോധം. പ്രതിരോധത്തിൽ ഏറെക്കളിച്ച വുകോയ്ക്ക് ആ കലയുടെ ശാസ്ത്രം കൃത്യമായി അറിയാം. രണ്ടാംപാദ സെമിയിൽ ജംഷഡ്പുരിനെതിരെ കണ്ടത് വുകോയുടെ മനസ്സായിരുന്നു.
ബ്ലാസ്റ്റേഴ്സിന് ഇതുവരെയില്ലാത്ത ഒത്തിണക്കമാണ് ഈ നാൽപ്പത്തിമൂന്നുകാരൻ നൽകിയത്. വാദങ്ങളോ വിവാദങ്ങളോ ഇല്ലാതെ നയിച്ചു. വിദേശകളിക്കാരുടെ മികവിനൊപ്പം ഇന്ത്യൻ യുവതാരങ്ങളെ ചേർത്തുനിർത്തി. ഏഴ് ഗോളടിച്ച സഹൽ അബ്ദുൾ സമദിന്റെ പ്രകടനമാണ് ഉദാഹരണം. പുയ്ട്ടിയയും ഹോർമിപാമും വുകോയുടെ കീഴിൽ തെളിഞ്ഞു. പരുക്കൻ കളിക്ക് പേരുകേട്ട ഹർമൻജോത് ഖബ്ര ടീം താരമായി. അഡ്രിയാൻ ലൂണയും അൽവാരോ വാസ്കസും ജോർജ് ഡയസും ഒത്തിണക്കത്തോടെ പന്തുതട്ടുന്നു. 22 കളിയിൽ 36 ഗോളുകളാണ് വുകോയുടെ കീഴിൽ നേടിയത്. വഴങ്ങിയത് 25ഉം.
ഫ്രഞ്ച് ക്ലബ് ബോർദ്യൂക്സിൽ കളിച്ചിട്ടുണ്ട് വുകോ. റെഡ്സ്റ്റാർ ബെൽഗ്രേഡ്, എഫ്സി കോളിൻ, റോയൽ ആൻഡ് -വെർപ് ക്ലബ്ബുകൾക്കായും കളിച്ചു. ബൽജിയം ക്ലബ് സ്റ്റാൻഡേർഡ് ലെയ്ഗയുടെ പരിശീലകനായി. സെവിയ്യയെ സമനിലയിൽ തളച്ചായിരുന്നു തുടക്കം. മികച്ച പ്രകടനം തുടരുന്നതിനിടെയാണ് വുകോയെ പരിചയസമ്പത്തില്ലെന്ന കാരണത്താൽ മാറ്റിയത്. സഹപരിശീലകനാക്കാമെന്നുള്ള വാഗ്ദാനം നിരസിച്ച് പടിയിറങ്ങുകയായിരുന്നു. ഇപ്പോൾ വലിയ ലക്ഷ്യമാണ് മുന്നിൽ. വുകോയിൽ അത് നേടാമെന്നുള്ള ആത്മവിശ്വാസമുണ്ട്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]