കളത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹൃദയമാണ് അഡ്രിയാൻ ലൂണയെന്ന ഉറുഗ്വേക്കാരൻ. ബ്ലാസ്റ്റേഴ്സിന്റെ കളിക്ക് താളവും മുറുക്കവും നൽകി മുന്നോട്ടുനയിച്ച ക്യാപ്റ്റൻ. ഫെെനലിലെത്തുമ്പോൾ ഈ ഇരുപത്തൊമ്പതുകാരന്റെ പേരിൽ ആറ് ഗോളുണ്ട്. അവസരമൊരുക്കിയത് ഏഴെണ്ണത്തിനും. പാസുകളിലും കൃത്യതയുള്ള ക്രോസുകളിലും മുന്നിൽ. എതിരാളികളുടെ കാലിൽനിന്ന് പന്തു റാഞ്ചിയെടുക്കാൻ മിടുക്കനാണ് ഈ മധ്യനിരക്കാരൻ.
കരുത്തരായ ഹെെദരാബാദ് എഫ്സിക്കെതിരെ ഇറങ്ങുമ്പോൾ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ നെടുന്തൂൺ. എതിർ പ്രതിരോധത്തെ കീറിമുറച്ച് ലൂണ നൽകുന്ന പാസുകളും ലോങ് ക്രോസുകളുമാകും അൽവാരോ വാസ്കസിനും ജോർജ് ഡയസിനും ഗോളിലേക്കുള്ള വഴിയൊരുക്കുക. ബോക്സിന് പുറത്തെ ഏതു നീക്കത്തിലും അപകടം വിതയ്ക്കാനുള്ള കഴിവുണ്ട്. എടികെ മോഹൻ ബഗാൻ, ചെന്നെെയിൻ എഫ്സി ടീമുകൾക്കെതിരായ ലൂണയുടെ ഫ്രീകിക്ക് ഗോളുകൾ അതിന് അടിവരയിടുന്നു. സീസണിൽ തൊടുത്ത ഗോളുകളെല്ലാം മനോഹരമായിരുന്നു.
മുന്നേറ്റത്തിൽ വാസ്കസുമായി എളുപ്പത്തിൽ കണ്ണിചേരാൻ കഴിയുന്നതിനൊപ്പം മധ്യനിരയിൽ പുയ്ട്ടിയക്കൊപ്പം ചേർന്ന് ഒന്നാന്തരം നീക്കങ്ങളുമുണ്ടാക്കുന്നു. എവിടെവച്ചും പ്രതിരോധത്തെ പിളർത്തി ബോക്സിലേക്ക് പാസുകൾ നൽകും. പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ മനസാണ് കളത്തിൽ ലൂണ കാലുകൾ കൊണ്ട് വരയ്ക്കുന്നത്.
കഴിഞ്ഞ രണ്ട് സീസണുളിൽ ഓസ്ട്രേലിയൻ ലീഗിൽ മെൽബൺ സിറ്റിക്കൊപ്പമായിരുന്നു. 49 കളിയിൽ എട്ട് ഗോൾ നേടി. കഴിഞ്ഞ സീസണിൽ 24 മത്സരങ്ങളിൽ ഇറങ്ങി. മൂന്ന് ഗോളും നാല് അവസരമൊരുക്കലും. ഉറുഗേ-്വയുടെ അണ്ടർ 17, 20 ടീമുകളിൽ കളിച്ചു. എട്ട് ഗോളുമടിച്ചു. 2009ലെ അണ്ടർ 17 ലോകകപ്പിൽ സ്പെയ്നിനെതിരെ ഗോളടിച്ചിട്ടുണ്ട്. 2011ലെ അണ്ടർ 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെയും ലക്ഷ്യം കണ്ടു. 2011ലെ ലാറ്റിനമേരിക്കൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ ചിലിക്കെതിരെ ഹാട്രിക് നേടി. ക്ലബ് ഫുട്ബോളിൽ ഡിഫെൻസർ സ്പോർടിങ്ങിലൂടെ തുടക്കം. 2011ൽ സ്പാനിഷ് വമ്പൻമാരായ എസ്പാന്യോളിൽ. വായ്പാടിസ്ഥാനത്തിൽ മറ്റ് ക്ലബ്ബുകൾക്ക് വേണ്ടിയാണ് കളിച്ചത്. ബ്ലാസ്റ്റേഴ്സുമായി രണ്ട് വർഷത്തെ കരാറിലാണ് ലൂണ ഒപ്പിട്ടിരിക്കുന്നത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]