തിരുവനന്തപുരം
കേന്ദ്ര സർക്കാർ ഡീസൽവില കുത്തനെ കൂട്ടിയതോടെ പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള കെഎസ്ആർടിസിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. കോവിഡ് ഇളവുകളുടെ ഭാഗമായി സർവീസുകൾ കൂട്ടി വരുമാനം വർധിപ്പിച്ച് പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഡീസലിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലവർധന. ഒരുമാസം 25 കോടി രൂപയുടെ അധികബാധ്യതയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. മൂന്നുമാസം കൊണ്ട് കെഎസ്ആർടിസി വാങ്ങുന്ന ഡീസലിന് കേന്ദ്രം കൂട്ടിയത് 38.65 രൂപ.
ബൾക്ക് പർച്ചേസർ ഗണത്തിൽപ്പെട്ട കെഎസ്ആർടിസിക്കു നൽകുന്ന ഇന്ധനത്തിന് 21.10 രൂപയാണ് എണ്ണക്കമ്പനികൾ കൂട്ടിയത്. ചില്ലറ വിൽപ്പന വിലയേക്കാൾ 27.88 രൂപയുടെ വർധന. 21 ശതമാനം ഒറ്റയടിക്കു കൂട്ടി. വില വർധനമൂലം കെഎസ്ആർടിസിക്ക് പ്രതിദിനം 75 മുതൽ 87 ലക്ഷം രൂപവരെ അധികബാധ്യത വരും. നിലവിൽ പ്രതിദിനം 12 ലക്ഷം കിലോമീറ്ററോളം സർവീസ് നടത്താൻ 270 മുതൽ 300 കിലോ ലിറ്റർ വരെ ഡീസൽ ആവശ്യമാണ്.
കഴിഞ്ഞ മാസം ഡീസലിന് 6.73 രൂപ കൂട്ടിയിരുന്നു. നിരക്ക് വർധന താങ്ങാനാകാതെ കെഎസ്ആർടിസി സ്വകാര്യ പമ്പുകളിൽനിന്ന് ഡീസലടിച്ചു. എന്നാൽ, ആയിരക്കണക്കിന് ബസുകൾക്ക് സ്വകാര്യ പമ്പുകളിൽനിന്ന് എപ്പോഴും ഇന്ധനം നിറയ്ക്കാൻ പ്രായോഗിക തടസ്സങ്ങളുണ്ട്.
കോവിഡിനുശേഷം രാജ്യത്തെ പൊതുമേഖലാ ട്രാൻസ്പോർട്ടുകൾ അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധി കൂട്ടുന്ന നയങ്ങളാണ് കേന്ദ്ര സർക്കാരിന്റേത്. മോട്ടോർ വെഹിക്കിൾ അഗ്രിഗേറ്റർ ലൈസൻസുള്ള കമ്പനിക്ക് ഓൺലൈനായി ടിക്കറ്റ് നൽകി രാജ്യത്തെവിടെയും ബസ് സർവീസ് നടത്താനും അടുത്തിടെ അനുമതി നൽകി. പൊതുഗതാഗതരംഗം കൈയടക്കാൻ ലക്ഷ്യമിടുന്ന കോർപറേറ്റുകളെ സഹായിക്കാനാണ് പൊതുമേഖലാ ട്രാൻസ്പോർട്ടുകൾക്കുള്ള ഡീസൽവില വർധനയെന്നും ആരോപണമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
source