

ന്യൂഡൽഹി: തലസ്ഥാനത്ത് ജനുവരി 26ന് നടക്കുന്ന 75-ാമത് റിപബ്ലിക് ദിന പരേഡ് നേരിട്ട് കാണാനായി കേരളത്തിൽ നിന്നും വിവിധ മേഖലയിൽ നിന്നുള്ള ഇരുന്നൂറോളം പേർക്ക് ക്ഷണം. കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ പരാമർശിച്ചവർ, പ്രതിരോധ – വിദ്യാഭ്യാസ മന്ത്രാലയങ്ങൾ സംയുക്തമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വീർഗാഥ 3.0 മത്സര വിജയികൾ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് ക്ഷണം ലഭിച്ചത്.ഐഎസ്ആർഒ ദൗത്യങ്ങളിൽ പങ്കാളികളായ ശാസ്ത്രജ്ഞരെയും പരേഡ് നേരിട്ട് കാണാൻ ക്ഷണിച്ചിട്ടുണ്ട്.
ഇതുകൂടാതെ, പിഎം സ്വനിധി ഗുണഭോക്താക്കളായ വഴിയോര കച്ചവടക്കാർ, പിഎം ആവാസ് യോജന, ഡിജിറ്റൽ ഇന്ത്യയക്ക് കീഴിൽ ഇലക്ട്രോണിക് നിർമാണ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതാ തൊഴിലാളികൾ, മികച്ച പ്രകടനം കാഴ്ച വച്ച സ്വയം സഹായ സംഘങ്ങൾ, മികച്ച കർഷക ഉത്പാദക സംഘടനകൾ തുടങ്ങിയവയെ പ്രതിനിധീകരിച്ച് പരേഡ് നേരിട്ട് കാണാൻ പ്രത്യേക ക്ഷണിതാക്കൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 15,000-ത്തോളം പേർക്കാണ് ഇത്തവത്തെ റിപബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ അവസരം ലഭിക്കുക.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന്റെ മുഖ്യാതിഥി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിന്റെ തിരക്ക് കാരണം അദ്ദേഹം അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് മാക്രോണിനെ റിപ്പബ്ലിക് ദിന മുഖ്യാതിഥിയായി ക്ഷണിച്ചത്.
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ പ്രതിരോധ സേനയിലെ രണ്ട് വനിതാ സംഘങ്ങള്‍ പങ്കെടുക്കും. 144 പേര് അടങ്ങുന്ന ഒരു സംഘത്തില്‍ വനിതാ സൈനികര്‍ അണിനിരക്കും. അറുപത് പേര് കരസേനയില്‍ നിന്നും ബാക്കിയുള്ളവര്‍ വ്യോമസേനയില്‍ നിന്നും നാവിക സേനയില്‍ നിന്നുമുള്ളവരായിരിക്കും. നാവികസേനയിലെയും വ്യോമസേനയിലെയും വനിതാ അഗ്നിവീര്‍ സൈനികരും ഈ സംഘത്തില്‍ ഉള്‍പ്പെടും. ആംഡ് ഫോഴ്സ് മെഡിക്കല്‍ സര്‍വീസസ് ഡയറക്ടറേറ്റ് ജനറലില്‍ നിന്നുള്ള രണ്ടാമത്തെ സംഘത്തില്‍ വനിതാ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സൈനിക നഴ്സുമാര്‍ ഉള്പ്പെടുമെന്നാാണ് വിവരം.