

തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തെ കുറിച്ച് തന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിലെ ഊർജം അതിരില്ലാത്തതാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ക്ഷേത്രത്തിലെത്തി രാജ്യത്തെ ജനങ്ങളുടെ അഭിവൃദ്ധിക്കു വേണ്ടി പ്രാർത്ഥിച്ചുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.പുണ്യപാവനമായ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിന്റെ ദൈവീകമായ ഊർജം അളവറ്റതാണ്. ഭാരതത്തിലെ എല്ലാ ജനങ്ങൾക്കും സന്തോഷവും അഭിവൃദ്ധിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു’- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.ഗുരുവായൂരിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. രാവിലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം അംഗങ്ങൾ പൂർണകുംഭം നൽകിക്കൊണ്ടാണ് സ്വീകരിച്ചത്. ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രിക്ക് ദേവസ്വം ബോർഡ് ഗുരുവായൂരപ്പന്റെ ദാരുശിൽപ്പവും, ചുമർ ചിത്രവും സമ്മാനമായി നൽകി. തേക്കിലാണ് ഗുരുവായൂരപ്പന്റെ ദാരുശിൽപ്പം നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത ശിൽപി എളവള്ളി നന്ദനാണ് ശിൽപ്പത്തിന്റെ നിർമ്മാതാവ്.
ക്ഷേത്രദർശനത്തിന് ശേഷം അദ്ദേഹം നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലും പങ്കെടുത്തു. വിവാഹത്തിൽ പ്രധാനമന്ത്രി മുഖ്യകാർമ്മികത്വവും വഹിച്ചു. വധൂവരന്മാർക്ക് വിവാഹ ഹാരം എടുത്തു നൽകിയതും പ്രധാനമന്ത്രിയായിരുന്നു. ഇതിന് ശേഷം ക്ഷേത്രത്തിൽ ഇന്ന് വിവാഹിതരായ വധൂവരന്മാർക്ക് ആശംസ അറിയിച്ചു. എല്ലാ വധുവരന്മാർക്കും അക്ഷതവും കൈമാറി അനുഗ്രഹിച്ച ശേഷമാണ് അദ്ദേഹം തിരികെ പോയത്.