

വിമാനത്തിന്റെ ശുചിമുറിയില്‍ കുടുങ്ങിയ യാത്രക്കാരന് ടിക്കറ്റ് തുക മടക്കി നല്‍കുമെന്ന് സ്പൈസ് ജെറ്റ്. ചൊവ്വാഴ്ച പുലര്‍ച്ചെ മുംബൈ–ബംഗളൂരു വിമാനത്തിലാണ് യാത്രക്കാരന് ഒരു മണിക്കൂറിന് മുകളില്‍ ശുചിമുറിയില്‍ കുടുങ്ങിയത്.
വിമാനം ബംഗളൂരുവില്‍ എത്തിയതിന് ശേഷമാണ് ഈ യാത്രക്കാരന് ശുചിമുറിയില്‍ നിന്ന് ഇറങ്ങാനായത്. ബംഗളൂരുവില്‍ നിന്ന് ടെക്നീഷ്യന്മാരെത്തിയാണ് ശുചിമുറിയുടെ വാതില്‍ തുറന്നത്. ചൊവ്വാഴ്ച വിമാനം മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് യാത്രക്കാരന് ശുചിമുറിയിലേക്ക് പോയത്.
പരിഭ്രാന്തനാകേണ്ടതില്ലെന്ന് വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരനെ അറിയിച്ചിരുന്നു. കടലാസില്‍ എഴുതി നല്‍കിയാണ് എയര്‍ഹോസ്റ്റസ് യാത്രക്കാരനെ കാര്യങ്ങള്‍ അറിയിച്ചത്. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ യാത്രക്കാരന് അടിയന്തര വൈദ്യസഹായം നല്‍കിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.