കോഴിക്കോട് ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത് അയച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംസ്ഥാന സർക്കാരിന്റെ നവകേരള സദസും കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയും നടക്കുന്ന കോഴിക്കോട് ബീച്ചിൽ സുരക്ഷ ശക്തമാക്കി.
പിണറായി പൊലീസിന്റെ വേട്ട തുടർന്നാൽ, കൊച്ചിയിൽ പൊട്ടിച്ചതു പോലെ കോഴിക്കോടും പൊട്ടിക്കുമെന്നാണ് കളക്ടർ സ്നേഹീൽ കുമാർ സിംഗിന് ലഭിച്ച കത്തിലെ ഭീഷണി. വ്യാജ കമ്യൂണിസ്റ്റുകളുടെ വേട്ടയാടലിനെതിരെ തിരിച്ചടി നടത്തുമെന്നും കത്തിൽ പറയുന്നു. സിപിഐഎംഎല്ലിന്റെ പേരിലുള്ള കത്ത് കഴിഞ്ഞ ദിവസമാണ് കളക്ടറേറ്റിൽ ലഭിച്ചത്.