കോഴിക്കോട്: കഴിഞ്ഞ ദിവസം പേരാമ്പ്രയിലുണ്ടായ തീപ്പിടിത്തത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി പഞ്ചായത്ത് പ്രസിഡന്റ് വികെ പ്രമോദ്. തീപിടിത്തം പ്ലാസ്റ്റിക് തരംതിരിക്കൽ കേന്ദ്രത്തിനും (എംസിഎഫ്) അതിനോട് ചേർന്നുള്ള വ്യാപാര കേന്ദ്രമായ ബാദുഷ മെറ്റൽസിനും വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഇത് തികച്ചും ദൗർഭാഗ്യകരമായ സംഭവമാണ്. തീപിടിത്തം ഉണ്ടായ ഉടനെ നിയന്ത്രണവിധേയമാക്കുവാൻ ശ്രമിച്ച ഫയർഫോഴ്സിനും പോലീസിനും നാട്ടുകാർക്കും നന്ദി പറയുന്നുവെന്നും വികെ പ്രമോദ് വ്യക്തമാക്കുന്നു.
നല്ല രീതിയിൽ ഒരുപാട് വർഷമായി പ്രസ്തുത സ്ഥലത്ത് പ്രവർത്തിച്ചുവരുന്ന പ്ലാസ്റ്റിക് തരംതിരിക്കൽ കേന്ദ്രമാണ് എംസിഎഫ്. അതൊരിക്കലും പ്ലാസ്റ്റിക് മാലിന്യ കേന്ദ്രം അല്ല. ഇതുവരെ ആർക്കും യാതൊരു പ്രശ്നവും ഇല്ലാതിരുന്ന, തൊട്ടടുത്തുള്ള വ്യാപാരികൾ പോലും യാതൊരു പരാതിയും ഇന്നേവരെ ഉന്നയിക്കാത്ത പദ്ധതിയാണ് എംസിഎഫ്. കൃത്യമായ ഇടവേളകളിൽ തരംതിരിക്കപ്പെട്ട പ്ലാസ്റ്റിക്കുകൾ കയറ്റി അയച്ച് പേരാമ്പ്രയിൽ നിന്നും നീക്കം ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ പേരാമ്പ്രയിൽ മുൻകാലങ്ങളിൽ ഉള്ളതുപോലെ പ്ലാസ്റ്റിക്കുകൾ കെട്ടിക്കിടക്കുന്നത് ഇപ്പോൾ കാണാനില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കുന്നു.
ചിട്ടയായ പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ ഹരിത കർമ്മ സേനാംഗങ്ങൾ നടത്തുന്ന പ്രവർത്തനം അഭിനന്ദിക്കേണ്ടത് തന്നെയാണ്. മഴപെയ്ത് കുതിർന്നതും നീക്കം ചെയ്യപ്പെടേണ്ടതുമായ നാല് ലോഡ് തരംതിരിച്ച ഉപയോഗശൂന്യമായ തുണിത്തരങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അതാകട്ടെ നനഞ്ഞു കിടക്കുന്നതിനാൽ തീ പിടിക്കാൻ യാതൊരു സാധ്യതയുമില്ലാത്തതായിരുന്നു. സ്ഥലം സന്ദർശിച്ച ഫോറൻസിക്ക് വിദഗ്ധരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പറഞ്ഞത് ഒരേസമയത്ത് മൂന്നിടങ്ങളിൽ തീ ആരംഭിച്ചു എന്നാണ്. അത് ഒരിക്കലും യാദൃശ്ചികമല്ല. ഏതോ സാമൂഹ്യദ്രോഹികൾ കരുതിക്കൂട്ടി ചെയ്തത് തന്നെയാണ് ഈ തീപിടിത്തം.
അത്തരത്തിൽ പ്രവർത്തിച്ച ആളുകൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കുറ്റക്കാരെ കണ്ടെത്തിയ ശിക്ഷിക്കണമെന്നും പോലീസിൽ അറിയിച്ചിട്ടുണ്ട്. യാദൃശ്ചികമായി ഉണ്ടായ ഈ തീപിടുത്തത്തിന്റെ പേരിൽ അടിസ്ഥാനരഹിതമായ രാഷ്ട്രീയ ആരോപണങ്ങൾ പ്രതിപക്ഷവും അവരാൽ തെറ്റിദ്ധരിക്കപ്പെട്ട ചിലരും ആവർത്തിച്ചു നടത്തുന്നുണ്ട്. അത് ഏറ്റവും മികച്ച രീതിയിൽ നടത്തപ്പെടുന്ന എംസിഎഫ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനും വീണ്ടും നമ്മുടെ ചുറ്റുപാടും പ്ലാസ്റ്റിക്കുകൾ കുന്നുകൂടുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതിന് കാരണമാകും.
അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ വീഴാതെ പ്ലാസ്റ്റിക് വേർതിരിക്കുന്ന കേന്ദ്രത്തിന് കൂടുതൽ പിന്തുണ ഉണ്ടാവണമെന്നും പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിൽ സ്വയം നിയന്ത്രണം ഉണ്ടാകണമെന്നും വലിച്ചെറിയുന്നതിനെതിരെ പൗരബോധം ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുകയാണെന്നും വികെ പ്രമോദ് കൂട്ടിച്ചേർക്കുന്നു.
The post പേരാമ്പ്രയിലെ തീപ്പിടിത്തം: ആരോ തീയിട്ടത്, പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പഞ്ചായത്ത് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]