അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റ് വീശിയടിച്ച ഗുജറാത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭൂജിലെത്തി. ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം ആകാശ നിരീക്ഷണവും നടത്തും. അതിന് ശേഷം ഭൂജിൽ വച്ച് അവലോകനയോഗവും നടത്തും. കച്ച്, സൗരാഷ്ട്ര മേഖലകളിൽ കനത്തനാശം വിതച്ച ബിപാർജോയ് ചുഴലിക്കാറ്റ് ഇന്നലെ വൈകുന്നേരത്തോടെ ദുർബലമായിരുന്നു. നിലവിൽ തെക്കൻ രാജസ്ഥാനിലേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്.
4500ഓളം ഗ്രാമങ്ങളിൽ പൂർണമായും വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. ഇതിൽ 3500 ഗ്രാമങ്ങളിൽ വൈദ്യുതി പുന:സ്ഥാപിച്ചു. ഇനി ആയിരത്തോളം ഗ്രാമങ്ങളിൽ വൈദ്യുതി പുന:സ്ഥാപിക്കുക, വീണ മരങ്ങൾ വെട്ടിമാറ്റുക തുടങ്ങിയവയാണ് അടിയന്തരമായി നടപ്പാക്കാനിരിക്കുന്ന പ്രവർത്തനങ്ങൾ. ചുഴലിക്കാറ്റ് ദുർബലമായെങ്കിലും വടക്കൻ ഗുജറാത്ത് മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒരു ലക്ഷത്തിലധികം ആളുകളെയാണ് കൃത്യമായ മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചത്. അതിനാൽ മരണങ്ങൾ ഒഴിവാക്കാൻ സാധിച്ചുവെന്നും ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ, മോർബി, ജുനഗഡ്, ഗിർ സോമനാഥ്, രാജ്കോട്ട്, പോർബന്തർ എന്നീ ജില്ലകളിലായി 1127ഓളം രക്ഷാദൗത്യ സംഘങ്ങളാണ് ഉള്ളത്.
The post അമിത് ഷാ ഗുജറാത്തിൽ; ബിപോർജോയ് വീശിയടിച്ച മേഖലകളിൽ വ്യോമനിരീക്ഷണം നടത്തും appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]