
സ്വന്തം ലേഖകൻ
കോട്ടയം: അപകടത്തിൽപ്പെട്ട് റോഡിൽ ര്ക്തം വാർന്നുകിടന്നയാളെ തിരിഞ്ഞു നോക്കാതെ ഡിവൈഎസ്പിയും സംഘവും അതിവേഗം കടന്നു പോയി. എം.സി റോഡിൽ ചിങ്ങവനം കുറിച്ചി ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടയാളെ തിരിഞ്ഞു നോക്കാതെയാണ് കായംകുളം ഡിവൈഎസ്പിയും സംഘവും ഔദ്യോഗിക വാഹനത്തിൽ പാഞ്ഞത്. റോഡിൽ അരമണിക്കൂറോളം ചോരവാർന്ന് കിടന്ന മധ്യവയസ്കൻ ദാരുണമായി മരിച്ചു.
റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു വീഴ്ത്തിയതിനെ തുടർന്ന് പരിക്കേറ്റാണ് കുറിച്ചി ചെറുവേലിപ്പടി കൊച്ചുപുരയ്ക്കൽ സാബു ഫിലിപ്പ് (62) മരിച്ചത്. കാർ ഇടിച്ചു റോഡിൽ വീണ സാബു ഇരുപത് മിനിറ്റോളം രക്തത്തിൽ കുളിച്ച് വീണു കിടന്നു. അപകടം കണ്ടിട്ടും വാഹനം നിർത്താതെ കായംകുളം ഡിവൈഎസ്പിയുടേതടക്കം നൂറുകണക്കിനു വാഹനങ്ങൾ ഇതുവഴി കടന്നു പോയി. ഒടുവിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സ്ഥലത്ത് എത്തി വിവരം അറിയിച്ചതിനെ തുടർന്നെത്തിയ ചിങ്ങവനം പൊലീസിന്റെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മെയ് 17 വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെ എം.സി റോഡിൽ ചിങ്ങവനം കുറിച്ചി അഞ്ചൽക്കുറ്റിയിലായിരുന്നു അപകടം. കനത്ത മഴയിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന സാബുവിനെ കാറിടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ ഇദ്ദേഹത്തെ റോഡിൽ രക്തം വാർന്ന് കിടന്നു. ഓടിക്കൂടിയ നാട്ടുകാർ അപകടത്തിനിടയാക്കിയ കാർ തടഞ്ഞിട്ട് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും, കാർ ഡ്രൈവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ ഈ കാറിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചില്ല. ഇതേ തുടർന്നു നാട്ടുകാർ എം.സി റോഡിലൂടെ കടന്ന വന്ന വാഹനങ്ങൾക്കു കൈകാട്ടിയെങ്കിലും വാഹനങ്ങൾ ഒന്നും നിർത്തിയില്ല. ഇതിനിടെ കായംകുളം ഡിവൈ.എസ്.പിയുടെ വാഹനവും ഇതുവഴി കടന്നുപോയതായി നാട്ടുകാർ പറയുന്നു. ഈ വാഹനവും അപകടം കണ്ട് നിർത്തിയില്ല.
ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം കോട്ടയത്തിലേയ്ക്കു വരികയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഈ അപകടം കണ്ട് വാഹനം നിർത്തി. തുടർന്നു ഇദ്ദേഹം ചിങ്ങവനം പൊലീസിൽ വിവരം അറിയിച്ചു. എസ്.ഐ അനൂപ് സി.നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു പരിക്കേറ്റയാളെ പൊലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]