
സ്വന്തം ലേഖിക
കോട്ടയം: നഗരത്തിന്റെ തിരക്കുകളില്ലാതെ പുഞ്ചപാടങ്ങള്‍ക്കിടയിലൂടെ ഗ്രാമീണ ഭംഗി ആസ്വദിച്ച് കായല്‍ കാറ്റേറ്റ് ഒരു ബോട്ട് യാത്ര, അതും കുറഞ്ഞ ചിലവില്‍.
കോട്ടയം കോടിമതയില്‍ നിന്നു ആലപ്പുഴയ്ക്കുള്ള ബോട്ട് യാത്ര ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കേറുകയാണ്. കുറഞ്ഞചെലവില്‍ വിനോദ യാത്ര നടത്താമെന്നതുതന്നെയാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
വേമ്പനാട്ട് കായലിന്റെ സൗന്ദര്യം നുകര്‍ന്നുള്ള യാത്ര നവ്യാനുഭവമാണ് നല്‍കുന്നത്. നേരത്തെ വിദേശ ടൂറിസ്റ്റുകളെ മാത്രം ആശ്രയിച്ച് നിലനിന്നിരുന്ന മേഖല ഇപ്പോള്‍ പ്രാദേശിക ടൂറിസ്റ്റുകളുടെ വരവോടെ മുന്നേറ്റത്തിലാണ്.
മുന്‍മാസങ്ങളെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചുവരികയാണ് . കഴിഞ്ഞ കുറച്ചുമാസങ്ങളായി 12,000 ആയിരുന്നു യാത്രക്കാരുടെ ശരാശരി എണ്ണം.
എന്നാല്‍ ഡിസംബറിലെ അവധിക്കാലത്ത് അത് 25,000 ആയി ഉയര്‍ന്നു. തിരക്കുകുറഞ്ഞ മാസങ്ങളില്‍ 2.25 ലക്ഷം രൂപയാണ് ശരാശരി വരുമാനം. ഡിസംബറില്‍ വരുമാനം 3.25 ലക്ഷമായെന്ന് അധികൃതര്‍ അറിയിച്ചു. ഒരുലക്ഷം രൂപയുടെ വരുമാന വര്‍ധനയാണു ഈ കാലഘട്ടത്തില്‍ ഉണ്ടായത് .
കായല്‍യാത്ര ആസ്വദിക്കുന്നതിനൊപ്പം ഗ്രാമീണ ജീവിതത്തെ അടുത്തറിയാനും പരിസ്ഥിതി സൗഹാര്‍ദ യാത്രയ്ക്കുമായി വിദേശികളായ വിനോദസഞ്ചാരികളും ബോട്ടുയാത്രയ്ക്കായി ഇവിടെ എത്താറുണ്ട്. വിനോദസഞ്ചാരികളെക്കൂടാതെ കര്‍ഷകത്തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടെ സാധാരണ ജനങ്ങളും യാത്രയ്ക്കായി ബോട്ട് സര്‍വീസിനെയാണ് ആശ്രയിക്കുന്നത്.
കോട്ടയം മുതല്‍ ആലപ്പുഴ വരെ 29 രൂപയാണ് ടിക്കറ്റ് ചാര്‍ജ് എന്നതും ആകര്‍ഷണീയമാണ്.
യാത്ര സര്‍വീസുകള്‍ ഇങ്ങനെ:
കോടിമതയില്‍ നിന്നും ആലപ്പുഴയ്ക്ക് ദിവസേന അഞ്ചു തവണ സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ 6.45നും 11.30നും ഉച്ചയ്ക്ക് ഒന്നിനും ഉച്ചകഴിഞ്ഞ് 3.30നും 5.15നും സര്‍വീസുണ്ട്.
ആലപ്പുഴയില്‍ നിന്ന് കോട്ടയത്തേക്ക് രാവിലെ 7.15നും 9.30നും 11.30നും ഉച്ചകഴിഞ്ഞ് 2.30നും 5.15നും ബോട്ട് സര്‍വീസുണ്ട്. മൂന്ന് ബോട്ടുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.
വിനോദസഞ്ചാരത്തിനായി സ്പെഷ്യല്‍ സര്‍വീസ്
വിനോദസഞ്ചാരികള്‍ക്ക് മാത്രമായി ഒരു സ്പെഷ്യല്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി ജലഗതാഗത വകുപ്പ്. അതിനായി അനുവദിച്ച ബോട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ആലപ്പുഴയില്‍ നിന്നാരംഭിക്കുന്ന വേഗ ബോട്ട് സര്‍വീസിലെ വിനോദസഞ്ചാരികളില്‍ നല്ലൊരു ശതമാനം കോട്ടയംകാരാണ്. അത്തരം യാത്രികര്‍ക്കായി കോടിമതയില്‍നിന്ന് എ.സി, നോണ്‍ എ.സി. ബോട്ടുസര്‍വീസ് ആരംഭിക്കുന്നതിനും ആലോചനയുണ്ട്.
The post പുഞ്ചപാടങ്ങള്‍ക്കിടയിലൂടെ ഗ്രാമീണ ഭംഗി ആസ്വദിച്ച് കായല്‍ കാറ്റേറ്റ് ഒരു ബോട്ട് യാത്ര….! വെറും 29 രൂപയ്ക്ക്; കോട്ടയം – ആലപ്പുഴ യാത്രയില്‍ സൂപ്പര്‍ ഹിറ്റായി കോടിമത ബോട്ട് സര്‍വീസ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]