

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുന:സംഘടനയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം ദയനീയ പരാജയമാണെന്ന പരിഹാസം പൊതുവേ നിലനില്‍ക്കുമ്പോഴാണ് മാറ്റത്തിന് തന്നെ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഈ മന്ത്രി സഭയിലെ മന്ത്രിമാര്‍ യാതൊരു അനുഭവ പരിഞ്ജാന.വും ഇല്ലാത്തവരാണെന്നും പലരും ജനങ്ങള്‍ക്ക് പേരുകൊണ്ട് പോലും പരിചയമില്ലാത്തവരാണെന്നുമുള്ള വിമര്‍ശനം ആദ്യം മുതല്ക്കേ നിലനിന്നിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരിനെപ്പോലെ കുറച്ചെങ്കിലും ജനകീയമാകാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല ഭരണ വിരുദ്ധ വികാരമാണ് ഇത്തവണത്തെ ഭരണത്തിന്റെ ഫലമായി നേടിയിരിക്കുന്നത്. കേരളം കടക്കെണിയില്‍ മുങ്ങിയതും പരിധിയില്ലാതെയുള്ള കടമെടുപ്പും സര്‍ക്കാരിന്റെ ധൂര്‍ത്തൂം എന്നും വിവാദമായ കാര്യമാണ്. ഓണത്തിന് കിറ്റ് കൊടുക്കാന്‍ പോലും കഴിയാത്ത സര്‍ക്കാര്‍ കാണിക്കുന്ന ധൂര്‍ത്ത് ജനങ്ങളുടെ കാശുകൊണ്ടാണെന്ന ബോധം പോലും ഇല്ലെന്ന രൂക്ഷ വിമര്‍ശനവും നിലനില്‍ക്കുകയാണ്. ശമ്പളവും പെന്‍ഷനും നല്കാനാകാതെ സര്‍ക്കാര്‍ കടുത്ത
സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നിട്ടും ധൂര്‍ത്തിന് ഒരു കുറവുമില്ല. എല്ലാ നികുതികളും കൂട്ടി സര്‍ക്കാര്‍ നിരന്തരമായി ജനങ്ങളെ ബുദ്ധിമൂട്ടിക്കുകയാണെന്നതും മറ്റൊരു പ്രധാന ആരോപണമാണ്.
ഒരു വർഷം പിന്നിട്ടപ്പോള്‍ സിപിഎം നേതൃയോഗത്തില്‍ പോലും ഭരണപരാജയങ്ങൾ ഏറ്റുപറഞ്ഞ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മാത്രമല്ല മുഖ്യമന്ത്രിയുടെ ഏകാധിപത്യ ഭരണത്തില്‍ മന്ത്രിമാരും പാര്‍ട്ടിയും പോലും അസ്വസ്ഥമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ പിണറായിയെ പേടിക്കുന്ന പാര്‍ട്ടിക്കൊ മന്ത്രിമാര്‍ക്കോ മാറുവാക്ക് പറയാന്‍ പോലും കഴിയാത്തതാണ് ഏറ്റവും വലിയ പരാജയമായി വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടിയും സര്‍ക്കാരും പിണറായിയിൽ കേന്ദ്രീകരിക്കുന്നു എന്നത് വലിയ ചര്‍ച്ചയാണ്.
പിണറായി വിജയൻ നേതൃത്വം നൽകുന്ന ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ സർക്കാരിനും പാർട്ടിക്കും വല്ലാതെ അവമതിപ്പ് ഉണ്ടാക്കിയിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ദുര്‍നടപ്പും അഴിമതിയും വലിയ ചര്‍ച്ചയായിരുന്നു. പോലീസ് വകുപ്പില്‍ അഴിച്ചുപണിയും സ്ഥലം മാറ്റവും വരെ തുടരെ നടത്തേണ്ടി വന്നു. ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിമർശനം ഉണ്ടാകാത്ത കാലഘട്ടം ഉണ്ടായിട്ടില്ല.
മന്ത്രിമാര്‍ ജനങ്ങളിലേക്ക് ഇറങ്ങുന്നില്ല. തന്നിഷ്ട പ്രകാരമാണ് ചില മന്ത്രിമാരും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളും പ്രവർത്തിക്കുന്നതെന്നുപോലും വിമര്‍ശനമുണ്ടായി. മന്ത്രിമാരുടെ ഓഫിസുകളിൽ നിന്ന് സഖാക്കളും ജനപ്രതിനിധികളും ദുരനുഭവം നേരിടുന്നു. ആരോഗ്യവകുപ്പ് ആദ്യം മുതല്ക്കേ വിമര്‍ശനം നേരിട്ടിരുന്നു. ഇത്തവണ മന്ത്രിസഭാ പുന:സംഘടനയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ടേക്കുമെന്നാണ് സൂചന.
ശമ്പളം കൊടുക്കില്ലെന്ന് പറയാൻ വേണ്ടി ഒരു മന്ത്രിയുടെ ആവശ്യമെന്തിനെന്ന ചോദ്യമാണ് കെഎസ്ആര്‍ടിസിക്കെതിരെ ഉയര്‍ന്നത്. വനം വകുപ്പിലെ അഴിമതിയും ബഫര്‍സോൺ പ്രശ്നത്തിൽ ജനങ്ങളുടെ ആശങ്കയുമെല്ലാം വനം വകുപ്പിന് തിരിച്ചടിയായി. വൈദ്യുതി വകുപ്പിന്റെയും, ഗതാഗത വകുപ്പിന്റെയും പ്രവര്‍ത്തനം ശരിയായ ദിശയിലല്ല. മാനേജ്മെന്റിനെ നിലയ്ക്ക് നിര്‍ത്താന്‍ മന്ത്രിമാര്‍ക്ക് ആകുന്നില്ല
ഖജനാവ് കാലിയാണെങ്കിലും മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലെ വിവിധ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി ചെലവഴിക്കുന്നത് പോലും കോടികളാണ്. 2016 ല്‍ പിണറായി മുഖ്യമന്ത്രിയായതിന് ശേഷം ക്ലിഫ് ഹൗസില്‍ 15 കോടിക്ക് മുകളിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടന്നു എന്നാണ് പൊതുമരാമത്ത് ടൂറിസം വകുപ്പുകളില്‍ നിന്ന് ലഭിക്കുന്ന സൂചന. പുതുപ്പള്ളിയിലെ പ്രധാന ചര്‍ച്ച വിഷയമായിരുന്നു ക്ലിഫ് ഹൗസിലെ ധൂര്‍ത്ത്. ക്ലിഫ് ഹൗസിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച കോടികള്‍ എത്രയെന്ന ഷാഫി പറമ്പിലെ നിയമസഭ ചോദ്യത്തിന് മുഹമ്മദ് റിയാസ് മറുപടി നല്‍കിയില്ല.
സൈബറിടങ്ങളിൽ ഇടതുപക്ഷ അനുഭാവികള്‍ നടത്തുന്ന പ്രതികരണങ്ങള്‍ പാർട്ടിക്ക് തന്നെ ബാധ്യതയാകുന്ന അവസ്ഥയും നിലനില്‍ക്കുകയാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പിലും സൈബര്‍ ആക്രമണം പാര്‍ട്ടിക്ക് തിരിച്ചടിയായി
നവംബറില്‍ മന്ത്രിസഭാ പുന:സംഘടനയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. എൽഡിഎഫിലെ മുൻധാരണപ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം ഒഴിയും. പകരം കെ.ബി.ഗണേഷ്കുമാറും, കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകേണ്ടത്. വനം വകുപ്പ് ആവശ്യപ്പെടാനാണ് ഗണേഷ് കുമാറിന്റെ നീക്കം. മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്കുന്നതില് സിപിഐഎമ്മില്‍ ഭിന്നാഭിപ്രായമുണ്ട്. സോളാര്‍ വിവാദത്തിന്റെ ഇടയില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്കുന്നതിലാണ് സിപിഐഎമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളത്. എന്നാല്‍ ഗണേഷ് കുമാര്‍ ഒരു
മന്ത്രിയാകാതിരിക്കത്തക്കനിലയിലുള്ള പ്രശ്നങ്ങളൊന്നും ഞങ്ങളുടെ മുന്നില്‍ ഇല്ല എന്നാണ് ഇപി ജയരാജന് വ്യക്തമാക്കിയത്.
സിപിഐഎം മന്ത്രിമാരിലും മാറ്റത്തിന് സാധ്യതയുണ്ട്. സ്പീക്കർ സ്ഥാനവും , ആരോഗ്യ വകുപ്പും വച്ചു മാറ്റുമെന്നും സൂചനയുണ്ട്.ഈ മാസം 22നും 23നും ചേരുന്ന സിപിഎം സംസ്ഥാന സമിതിക്ക് ശേഷം ആയിരിക്കും അന്തിമ തീരുമാനം