
സ്വന്തം ലേഖിക
തിരുവനന്തപുരം: കേരളത്തില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണം തട്ടിയ സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
വാട്സാപ്പ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് 40000 രൂപയാണ് ഒരു കോഴിക്കോട് സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത്. ആന്ധ്രാപ്രദേശ് സ്വദേശിയും സുഹൃത്തുമായ ആളാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.
സംഭവം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇത്തരം ഫോണ്‍ വിളികളില്‍ ജാഗ്രത പാലിക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ആരും വീണുപോകുന്ന തട്ടിപ്പ്
ആളുകളെ എങ്ങനെ കബളിപ്പിക്കണം എന്ന നിരന്തര ഗവേഷണത്തിലാണ് തട്ടിപ്പുകാര്‍. ലക്ഷ്യം ഒന്ന് തന്നെ എങ്ങനെയെങ്കിലും മറ്റൊരാളില്‍ നിന്ന് പണം കൈക്കലാക്കുക. മുൻപ് വ്യാജ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളുണ്ടാക്കി സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടിരുന്ന തട്ടിപ്പിന്റെ മറ്റൊരു രൂപമാണ് വ്യാജ വീഡിയോ കോള്‍ തട്ടിപ്പ്.
സുഹൃത്ത് നേരിട്ട് വീഡിയോകോള്‍ ചെയ്ത് ഒരു സഹായം ചോദിച്ചാല്‍ ആളുകള്‍ വീണുപോവാതിരിക്കുമോ?. അത് തന്നെയാണ് കോഴിക്കോട് സ്വദേശിക്കും സംഭവിച്ചത്. ബന്ധുവിന് ശസ്ത്രക്രിയ നടത്തുന്നതിന് പണം ആവശ്യമാണെന്നും സഹായിക്കാമോ എന്നും ചോദിച്ചായിരുന്നു തട്ടിപ്പുകാരന്റെ വീഡിയോകോള്‍. ശബ്ദവും വീഡിയോയും കണ്ടതോടെ സംശയമില്ലാതെ ഗൂഗിള്‍ പേ വഴി പണം തട്ടുകയായിരുന്നു.
വ്യാജ വീഡിയോകോള്‍ സാധ്യമോ?
എന്താണ് സാധ്യമല്ലാത്തത് എന്ന് വേണം ചോദിക്കാൻ? നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഡീപ്പ് ഫേക്ക് വീഡിയോകള്‍ നിര്‍മിക്കാനാവുന്ന സാങ്കേതിക വിദ്യകള്‍ ഇതിനകം ലഭ്യമാണ്. വലിയ സാങ്കേതിക പരിജ്ഞാനവും ഇല്ലാതെ ഡീപ്പ് ഫേക്ക് വീഡിയോകള്‍ നിര്‍മിക്കാൻ സാധിക്കുന്ന ആപ്പുകളും സോഫ്റ്റ് വെയറുകളും ഉണ്ട്. ഇത്തരം ആപ്പുകള്‍ ഉപയോഗിച്ച് കംപ്യൂട്ടറിലെ ക്യാമറയില്‍ പകര്‍ത്തുന്ന ഒരാളുടെ മുഖത്തെ തത്സമയം മറ്റൊരാളാക്കി മാറ്റാൻ സാധിക്കും. ഈ സോഫ്റ്റ് വെയറിന്റെ ഔട്ട്പുട്ട് സ്ക്രീനിനെ ഒരു സ്ട്രീമിങ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വീഡിയോ കോളിങ് ആപ്പുകളുടെ ക്യാമറ ദൃശ്യമാക്കി മാറ്റാനും സാധിക്കും. ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പുകാരുടെ പുതിയ പരിപാടി. ശബ്ദവും ഈ രീതിയില്‍ മാറ്റാനാകും.
സോഷ്യല്‍ മീഡിയയിലും മറ്റും പരസ്യമായി ലഭ്യമായ ചിത്രങ്ങളും വീഡിയോകളുമെല്ലാം ശേഖരിച്ചാണ് ഒരു വ്യക്തിയുടെ ഡീപ്പ് ഫേക്ക് നിര്‍മിക്കുന്നത്. ഈ ദൃശ്യങ്ങളെ യഥാര്ത്ഥമെന്നോണം ചലിപ്പിക്കാനും ശബ്ദം നല്‍കാനും സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് സാധിക്കും.
എങ്ങനെ കബളിപ്പിക്കപ്പെടാതിരിക്കാം
കോണ്ടാക്റ്റ് വിവരങ്ങള്‍ പരിശോധിക്കുക:
അപരിചിതമായ നമ്പറുകളില്‍ നിന്നും ഐഡിയില്‍ നിന്നുമുള്ള പരിചയമുള്ള ആളുകളുടെ വീഡിയോകോളുകള്‍ ജാഗ്രതയോടെ മാത്രം എടുത്ത് സംസാരിക്കുക.
വീഡിയോ ക്വാളിറ്റി- സോഫ്റ്റ് വെയര്‍ വഴി തത്സമയം ഡീപ്പ് ഫേക്ക് ചെയ്യപ്പെട്ടുവരുന്ന വീഡിയോ ദൃശ്യങ്ങള്‍ക്ക് പൊതുവില്‍ ഗുണമേന്മയും വ്യക്തതയും കുറവായിരിക്കും. വാട്ടര്‍മാര്‍ക്കുകള്‍, വ്യക്തി നില്ക്കുന്ന പശ്ചാത്തലം, സംസാര രീതി എന്നിവയെല്ലാം ശ്രദ്ധിക്കുക.
വീഡിയോയുടെ സൈസ് :
യഥാര്‍ത്ഥ ആപ്പിലെ ക്യാമറ ഉപയോഗിച്ചുള്ള വീഡിയോകോളുകളുടെ വീഡിയോ സൈസ് ക്രമീകരിക്കുമ്ബോള്‍ അത് കൃത്യമായിരിക്കും. വീഡിയോ കോള്‍ ഫുള്‍ സ്ക്രീൻ ആക്കുമ്ബോഴും മറ്റും വീഡിയോയുടെ അളവുകളില്‍ അസ്വാഭാവികത തോന്നുന്നുവെങ്കില്‍ ശ്രദ്ധിക്കുക.
പണം ആവശ്യപ്പെടല്‍: അപരിചിതമായ നമ്ബറില്‍ നിന്ന് വീഡിയോ കോള്‍ ചെയ്ത് പണം ആവശ്യപ്പെടുമ്ബോള്‍ തന്നെ ശ്രദ്ധിക്കണം. വിളിച്ചയാളുടെ യഥാര്‍ത്ഥ ഫോണ്‍ നമ്ബറില്‍ നേരിട്ട് വിളിച്ച് സ്ഥിരീകരിച്ച് വേണം പണം അയച്ചുകൊടുക്കുന്ന കാര്യം തീരുമാനിക്കാൻ.
The post വീഡിയോകോളിലും വ്യാജന്…! കോഴിക്കോട്ടുകാരന് നഷ്ടമായത് 40000 രൂപ; ജാഗ്രത പാലിക്കണമെന്ന് പോലീസ്; പുതിയ തട്ടിപ്പ് എങ്ങനെ ശ്രദ്ധിക്കാം…..? appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]