
മലയോര മേഖലയിൽ ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ടും മെഡിക്കൽ ഓഫീസർ ഡോ.പ്രിയ കെ.വിയും അറിയിച്ചു.
കൂത്താടികള്‍ പൂര്‍ണ വളര്‍ച്ചയെത്തി കൊതുകുകളാകുന്നതിന് ഏതാണ്ട് 7 ദിവസം വരെ ആവശ്യമാണ്.
അതിനാല്‍ വീട്ടിലെ അകത്തും പുറത്തുമുള്ള വെള്ളക്കെട്ടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിവാക്കിയാല്‍ കൂത്താടികള്‍ കൊതുകുകളായി പരിണമിക്കുന്നത് തടയാനാകും.
പ്ലാസ്റ്റിക്ക് ഷിറ്റുകൾ, തോട്ടങ്ങളിലെ പാള, ചിരട്ട എന്നിവിടങ്ങളിൽ കെട്ടിനില്‍ക്കുന്ന വെള്ളം, ടയറുകള്‍ക്കുള്ളിലും മറ്റും കെട്ടി നില്ക്കുന്ന വെള്ളം തുടങ്ങി നാം പ്രതീക്ഷിക്കാത്തതോ പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്തതോ ആയ ഇടങ്ങളിലും കൂത്താടികള്‍ ഉണ്ടാവാം. ഡെങ്കിപ്പനി വ്യാപനം ഒഴിവാക്കുന്നതിന് വരുന്ന ആഴ്ചകളിലും ഡ്രൈ ഡേ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരേണ്ടതാണ്.
വരുന്ന ആഴ്ചകളിലും വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെ ഡ്രൈ ഡേ ആചരിക്കേണ്ടതാണ്. വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടിന് പുറത്തുള്ള പഴയ കളിപ്പാട്ടങ്ങള്‍, പ്ലാസ്റ്റിക്, ചിരട്ട, വീട്ടിനകത്തെ ഫ്രിഡ്ജിലെ ട്രേ, ചെടിച്ചട്ടികള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ വളരാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ വളരെ ശ്രദ്ധിക്കേണ്ടതുണ്ട് .
കുട്ടികള്‍ക്ക് ജലദോഷവും പനിയും ബാധിച്ചാല്‍ സ്കൂളിലയയ്ക്കരുത്. ഇന്‍ഫ്ളുവന്‍സയ്ക്ക് സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്. ക്ലാസില്‍ കൂടുതല്‍ കുട്ടികള്‍ പനി ബാധിച്ച് എത്താതിരുന്നാല്‍ സ്കൂള്‍ അധികൃതര്‍ അക്കാര്യം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കേണ്ടതാണ്. സ്കൂളിലും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കുട്ടികള്‍ മാസ്ക് ഉപയോഗിക്കേണ്ടതാണ്.
ഇടവിട്ടുള്ള മഴ കാരണം പല സ്ഥലങ്ങളിലും മഴവെള്ളം കെട്ടി നില്‍ക്കുന്നുണ്ടാകാം. അതിനാല്‍ എലിപ്പനി വരാതെ ശ്രദ്ധിക്കണം. എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ചെടികള്‍ നടുന്നവര്‍, മണ്ണില്‍ കളിക്കുന്നവര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും ഡോക്സിസൈക്ലിന്‍ കഴിക്കണം. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ എലിപ്പനിയുടെ സങ്കീര്‍ണതകളും അതു മൂലമുണ്ടാകുന്ന മരണങ്ങളും ഒഴിവാക്കാന്‍ സാധിക്കുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു
The post തിരുവമ്പാടിയിൽ നാളെ (ജൂലൈ 16 ഞായർ) ഡ്രൈഡേ ആചരണം; ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ്. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]