
സ്വന്തം ലേഖിക
കോട്ടയം: ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച പാലാ നഗരത്തിലെ പച്ചക്കറി, മീൻ, പലചരക്കു വിൽപനകേന്ദ്രം ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെത്തുടർന്ന് അടച്ചുപൂട്ടി.
പാലാടൗൺ ഹാളിന്റെ എതിർവശത്തുള്ള സ്ഥാപനമാണ് സംയുക്തസ്ക്വാഡിന്റെ പരിശോധനയെത്തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദേശപ്രകാരം അടച്ചുപൂട്ടിയത്. വിലക്കയറ്റവും പൂഴ്ത്തിവയ്പും തടയുന്നതിനായി ജില്ലയിൽ അഞ്ചുതാലൂക്കുകളിലും ഇന്നലെ (ജൂലൈ 15) സംയുക്ത സ്ക്വാഡ് നടത്തിയ പരിശോധനയിൽ 50 ക്രമക്കേടുകളാണ് കണ്ടെത്തിയത്. 34000 രൂപ പിഴയും ഈടാക്കി.
114 വ്യാപാരസ്ഥാപനങ്ങളിലാണ് സംയുക്ത സ്ക്വാഡ് പരിശോധന നടത്തിയത്. ഇതോടെ മൂന്നുദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 164 സ്ഥാപനങ്ങളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. പച്ചക്കറി, പലചരക്ക് മൊത്ത, ചില്ലറ വ്യപാര സ്ഥാപനങ്ങളിലും സൂപ്പർമാർക്കറ്റുകളിലുമായി ആകെ 256 കേന്ദ്രങ്ങളിലാണ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊതുവിതരണം, റവന്യൂ, പൊലീസ് എന്നീ വകുപ്പുകൾ ഉൾപ്പെടുന്ന സംയുക്ത സ്ക്വാഡ് മൂന്നുദിവസമായി പരിശോധന നടത്തിയത്. ആറു സംഘങ്ങളായിട്ടായിരുന്നു പരിശോധന.
കോട്ടയം താലൂക്കിൽ 24 കടകളിൽ നടന്ന പരിശോധനയിൽ 17 ഇടത്തും ചങ്ങനാശേരിയിൽ 16 കടകളിൽ എട്ടിടത്തും കാഞ്ഞിരപ്പള്ളിയിൽ 41 കടകളിൽ 12 ഇടത്തും മീനച്ചിലിൽ 18 കടകളിൽ എട്ടിടത്തും വൈക്കം താലൂക്കിൽ 15 കടകളിൽ അഞ്ചിടത്തും ക്രമക്കേട് കണ്ടെത്തി.
വിലവിവരപട്ടിക പ്രദർശിപ്പിക്കാതെയും പായ്ക്കറ്റുകളിൽ വില കൃത്യമായി രേഖപ്പെടുത്താതെയും കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽപനയ്ക്കുവച്ചതും വൃത്തിഹീനമായ രീതിയിൽ ഉൽപന്നങ്ങൾ വിൽപനയ്ക്കു വച്ചതും അടക്കമുള്ള ക്രമക്കേടുകളാണു കണ്ടെത്തിയത്. പരിശോധന വരുംദിവസങ്ങളിലും തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
The post ഭക്ഷ്യസുരക്ഷ പാലിച്ചില്ല; പാലായിലെ പച്ചക്കറി, പലചരക്ക്, മീൻ വ്യാപാരകേന്ദ്രം അടപ്പിച്ച് ജില്ലാ കളക്ടർ; 50 കടകളിൽ കൂടി ക്രമക്കേട് കണ്ടെത്തി; കോട്ടയം ജില്ലയിൽ പരിശോധന തുടരുന്നു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]