ലക്നൗ: ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്ത യുവതിയെ ഉപേക്ഷിച്ചു ഭർത്താവ്. മുസാഫര്‍നഗറില്‍ ആണ് സംഭവം. ഓഗസ്റ്റ് 5 ന് ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഭര്‍തൃപിതാവ് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ഭര്‍തൃപിതാവിനും ഭര്‍ത്താവിനുമെതിരെ ലൈംഗിക അതിക്രമം തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
‘എന്റെ പിതാവ് ബലാത്കാരമായി നീയുമായി ബന്ധം സ്ഥാപിച്ചു. ഇനി മുതല്‍ നീ എന്റെ അച്ഛന്റെ ഭാര്യയാണ്. അതിനാല്‍ അമ്മയാണ്. ഇനി എന്നോടൊപ്പം ജീവിക്കാന്‍ നിന്നെ അനുവദിക്കില്ല’ ഭര്‍ത്താവ് പറഞ്ഞതായി യുവതി പരാതിയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം. സെപ്റ്റംബര്‍ ഏഴിനാണ് യുവതി ഭര്‍തൃപിതാവിനെതിരെ ബലാത്സംഗപരാതി നല്‍കിയത്. ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും മര്‍ദിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ തന്നോടൊപ്പം ജീവിക്കാന്‍ വിസമ്മതിക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കിയതായും യുവതി ആരോപിച്ചു. ഇപ്പോൾ മാതാപിതാക്കള്‍ക്കൊപ്പമാണ് യുവതി താമസിക്കുന്നത്.
യുവതി ഏഴുമാസം ഗര്‍ഭിണിയാണെന്നും എന്നാല്‍ പരാതിയില്‍ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.