

ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തുണ്ടായ വികസന മുന്നേറ്റങ്ങളുടെ പ്രധാന കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ലണ്ടനിൽ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ പ്രധാനമന്ത്രി വഹിച്ച നിർണായക പങ്കിനെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
” ഈ ലോകവും അവിടുത്തെ ബന്ധങ്ങൾക്കുമെല്ലാം മാറ്റം സംഭവിച്ചുവെന്ന് പറഞ്ഞു കൊണ്ടാണ് ഞാൻ എന്റെ പ്രസംഗം തുടങ്ങിയത്. യുകെയ്ക്കും ഇന്ത്യയ്ക്കുമെല്ലാം വലിയ രീതിയിലുള്ള മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. അപ്പോൾ ഇന്ത്യയിലെന്ത് മാറ്റമാണ് സംഭവിച്ചത് എന്ന് നിങ്ങൾക്ക് എന്നോട് ചോദിക്കാം. പക്ഷേ ഉത്തരവും നിങ്ങൾക്ക് അറിയാമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണ് അതിന് കാരണം.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ വികസന കുതിപ്പിന് സഹായിക്കുന്ന നിരവധി പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. ബേഠി പഠാവോ ബേഠി ബച്ചാവോ, ജൻധൻ യോജന, വീടുകൾ നിർമ്മിച്ചു നൽകുന്ന ആവാസ് യോജന, പെൺകുട്ടികൾക്കായി ടോയ്ലറ്റുകളുടെ നിർമ്മാണം, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, സ്കിൽ ഇന്ത്യ, തുടങ്ങിയ പദ്ധതികളെല്ലാം അദ്ദേഹത്തിന്റെ ആശയത്തിൽ നിന്ന് തുടങ്ങിയവയാണ്.
കഴിഞ്ഞ പത്ത് വർഷങ്ങളായി നിങ്ങൾ കേട്ടു കൊണ്ടിരിക്കുന്ന ഈ പേരുകളെല്ലാം ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. സാമ്പത്തികപരമായി വലിയ ഉയർച്ച കൈവരിക്കാൻ രാജ്യത്തിനായി. ഈ പദ്ധതികൾക്ക് തുടക്കം കുറിച്ചത് പോലെ തന്നെ നിരവധി സർവ്വകലാശാലകളും കോളേജുകളും രാജ്യത്ത് തുടങ്ങാനായി. കഴിഞ്ഞ 65 വർഷം ഭരിച്ചവർക്ക് സാധിക്കാനാകാത്ത കാര്യമാണത്.
അതേപോലെ ഇന്ത്യയും യുകെയും തമ്മിലും മികച്ച ബന്ധമാണ് ഇപ്പോഴുള്ളത്. അത് അങ്ങനെ തന്നെ മുന്നോട്ട് കൊണ്ടു പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. നാളെയാണ് അദ്ദേഹത്തിന്റെ യുകെ സന്ദർശനം അവസാനിക്കുന്നത്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും, യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു.