

കണ്ണൂർ: ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ട് പേർ വെന്തുമരിച്ചു. കണ്ണൂർ കൂത്തുപറമ്പ് ആറാം മൈലിലാണ് അപകടം. കൂത്തുപറമ്പ് ഭാഗത്തേക്ക് എത്തിയ ബസ് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. സിഎൻജി ഇന്ധനത്തിൽ ഓടുന്ന ഓട്ടോറിക്ഷയായിരുന്നു അപകടത്തിൽപ്പെട്ടത്.
ഓട്ടോ മറിഞ്ഞതോടെ വാതകം ചോർന്ന് തീപിടിച്ചതായാണ് പ്രാഥമിക നിഗമനം. വാഹനത്തിൽ ആളിരിക്കെ തന്നെ തീ ആളി കത്തുകയായിരുന്നു. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇരുവരുടെയും മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ബസ് അമിതവേഗത്തിൽ എത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം. വാഹനം മറിഞ്ഞതിന് പിന്നാലെ തീ ആളിപടർന്നതിനാൽ ഓട്ടോയിൽ ഉണ്ടായിരുന്നവരെ രക്ഷിക്കാനായില്ല. ഫയർഫോഴ്സ് എത്തി തീയണച്ചതിന് ശേഷമാണ് രണ്ട് പേരുടെയും മൃതദേഹം പുറത്തെടുത്തത്. അഗ്നിരക്ഷാ സേനയും സ്ഥലത്തെത്താൻ വൈകിയതായാണ് നാട്ടുകാരുടെ ആരോപണം.